ഗുരുവായൂര്‍: 25 ദിവസം മുമ്പ് ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ച റുമാനിയന്‍ സ്വദേശിനിയുടെ മൃതദേഹം സംസ്‌ക്കരിച്ചില്ല. റോമേനിയന്‍ സ്വദേശിയും ഗുരുവായൂര്‍ ഏറത്ത് വീട്ടില്‍ ഹരിഹരന്റെ ഭാര്യയുമായ റോബര്‍ട്ടീന എം. ബെജിനാരുവിന്റെ മൃതദേഹമാണ് ഇപ്പോഴും മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളത്. ഈ മാസം 3ന് പുലര്‍ച്ചെയാണ് മമ്മിയൂര്‍ ക്ഷേത്രത്തിന സമീപത്തുള്ള ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. പോലീസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. സംസ്‌കാരത്തിന് റോമേനിയയിലുള്ള ബന്ധുക്കളുടെ അനുമതി ഇതുവരെയും ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ അനുമതി ലഭിക്കുന്നതുവരെ മൃതദേഹം സൂക്ഷിക്കണമെന്ന് റോമേനിയന്‍ എംബസി ആവശ്യപ്പെട്ടിട്ടുമുണ്ട്. റുമേനിയന്‍ ദത്തെടുക്കല്‍ നിയമമാണ് അനുമതി ലഭിക്കുന്നതിന് തടസം. മരിച്ച സ്ത്രീയുടെ അമ്മ ജീവിച്ചിരുപ്പുണ്ടെങ്കിലും ഇവരെ നേരത്തെ ഒരു ബന്ധു ദത്തെടുത്തിരുന്നു. ഇവരെ ദത്തെടുത്തവര്‍ മരണപ്പെടുകയും ചെയ്തു. റോമേനിയന്‍ നിയമപ്രകാരം ദത്ത് നല്‍കി കഴിഞ്ഞാല്‍ പിന്നെ നിയമപ്രകാരം അമ്മയ്ക്ക് അവകാശമില്ല. ഇതാണ് സംസ്‌കാരത്തിന് അനുമതി ലഭിക്കാന്‍ തടസം. സംസ്‌കാരത്തിന് അനുമതിക്കായി പൊലീസ് എംബസിയുമായി ബന്ധപ്പെട്ട് വരുന്നുണ്ട്.