മന്ദലാംകുന്ന്: ലക്ഷങ്ങൾ മുടക്കി മന്ദലാംകുന്ന് ബീച്ചിൽ നിർമ്മിച്ച അറപ്പത്തോട് മണലും മാലിന്യവും നിറഞ്ഞ് നശിക്കുന്നു. പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.
മന്ദലാംകുന്ന് ബീച്ച് സൗന്ദര്യ വത്ക്കരണത്തിൻറെ ഭാഗമായി കടപ്പുറത്തേക്ക് പോകുന്ന വഴിയുടെ രണ്ട് ഭാഗത്തായി കൽഭിത്തി കെട്ടിയ അറപ്പത്തോടാണ് സഞ്ചാരികളെറിയുന്ന ഐസ് ക്രീം ഉൾപ്പെടയുള്ളവയുടെ ഭക്ഷ്യവസ്തുക്കൾ പൊതിയുന്ന പ്ലാസ്റ്റിക്കും അലൂമിനിയം ഫോയിൽ പേപ്പറിൽ ലാമിനേറ്റ് ചെയ്ത പേപ്പർ പ്ലെയിറ്റും നിറഞ്ഞ് നാശമാവുന്നത്. കടൽ ഭിത്തി മണൽ പരിപ്പിൽ നിന്ന് ഉയർത്തി കെട്ടാത്തതാണ് മണൽ വീഴാൻ കാരണം. വികസന സമിതിയെന്ന പേരിലുള്ള ഒരു സംഘടനയാണ് നേരത്തെ കടപ്പുറത്ത് നിറഞ്ഞ ചപ്പുചവറുകൾ വൃത്തിയാക്കിയിരുന്നത്. ഇവിടെ വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും സഞ്ചാരികളുടെ വലിയതിരിക്കാണ് അനുഭവപ്പെടുന്നത്. പെട്ടി ഓട്ടോകളിൽ കൊണ്ടുവന്നാണ് ഐസ് ക്രീം വിൽക്കുന്നത്. നേരത്തെ ഇവർ വിറ്റ ഐസ് ക്രീം പാക്കുകളുടെ കാലി കവറുകൾ ഇവർ തന്നെ പെറുക്കിയെടുത്ത് സംസ്കരിച്ചിരുന്നു. പിന്നീട് ആ ശ്രമം ഉപേക്ഷിച്ചതാണ് കടപ്പുറം വൃത്തികേടാവാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ഈ അറപ്പത്തോട് നിർമ്മാണം കഴിഞ്ഞ് പിന്നീടുള്ള ആദ്യ വർഷങ്ങളിൽ കുടുംബ ശ്രീ തൊഴിലുറപ്പ് തൊഴിലാളികളെ നിർത്തി വൃത്തിയാക്കിയിരുന്ന പുന്നയൂർ പഞ്ചായത്ത് അധികൃതരും ഇപ്പോൾ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല.