അകലാട്: വിദ്യാര്‍ഥികള്‍ക്ക് പുത്തനനനുഭവം പകര്‍ന്ന് സ്കൂള്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം. അകലാട് എം.ഐ.സി. ഇംഗ്ലീഷ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. സ്‌കൂളിലെ നാലാംക്ലാസു മുതല്‍ പത്താംക്ലാസ് വരെയുള്ള 650ല്‍ പരം വിദ്യാര്‍ഥികളാണ് യന്ത്രത്തില്‍ വിരലമര്‍ത്തി വോട്ട് രേഖപ്പെടുത്തി വിദ്യാര്‍ഥി പ്രതിനിധികളെ തിരഞ്ഞെടുത്തത്.
ജില്ലയില്‍ ആദ്യമായാണ് വോട്ടിങ് യന്ത്രം ഉപയോഗിച്ച് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടിങ് സ്ലിപ്പുമായെത്തിയ വിദ്യാര്‍ഥികളുടെ ചൂണ്ടുവിരലില്‍ മഷി പുരട്ടി തികച്ചും ജനാധിപത്യരീതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കുട്ടിസ്ഥാനാര്‍ഥികള്‍ക്കാര്‍ക്കും പരാതിക്ക് ഇടമുണ്ടായില്ല. ഓരോ സ്ഥാനാര്‍ഥിയും നേടിയ വോട്ടുകളുടെ എണ്ണം കൃത്യമായി യന്ത്രം നല്‍കി.
ഓരോ സ്ഥാനാര്‍ഥിക്കും പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഏജന്റ് ഉണ്ടായിരുന്നു. ഹെഡ് ബോയ്, ഹെഡ് ഗേള്‍, ഡപ്യൂട്ടി ലീഡര്‍ ബോയ്, ഡെപ്യൂട്ടി ലീഡര്‍ ഗേള്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി ബോയ്, സ്‌പോര്‍ട്‌സ് സെക്രട്ടറി ഗേള്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു തിരഞ്ഞടുപ്പ്.
വോട്ടിങ് യന്ത്രം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിലൂടെ സമീപഭാവിയില്‍ വിദ്യാര്‍ഥികള്‍ നിര്‍വഹിക്കേണ്ട സമ്മതിദാനാവകാശത്തെക്കുറിച്ച് അവരെ ബോധവാന്‍മാരാക്കാന്‍ കഴിഞ്ഞെന്ന് സ്‌കൂള്‍ മാനേജര്‍ കെ.വി. ഷാനവാസ്, പ്രിന്‍സിപ്പല്‍ വാസുദേവന്‍ പനമ്പിള്ളി എന്നിവര്‍ പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സ്‌കില്‍ ഡവലപ്‌മെന്റിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം രൂപകല്‍പ്പന ചെയ്തത്.