ചാവക്കാട്: പൊതുമരാമത്ത് റോഡുകളിലെ കാനകള്‍ക്ക് മുകളിലെ തകര്‍ന്ന സ്ലാബുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പരാതി. എപ്പോള്‍ വേണമെങ്കിലും പൊട്ടിവീണ് അപകടം സംഭവിക്കാവുന്ന തകര്‍ന്നതും ഇളകിയതുമായ സ്ലാബുകളാണ് ചാവക്കാട് നഗരത്തിലെ കാനകള്‍ക്ക് മുകളില്‍.
നഗരത്തില്‍ പല സ്ഥലങ്ങളിലും കാനകള്‍ക്ക് മുകളിലെ സ്ലാബുകള്‍ തകര്‍ന്നനിലയിലാണ്. വലിയ അപകടങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ എത്രയും വേഗം ഇവ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് വ്യാപാരികളടക്കമുള്ളവര്‍ ആവശ്യപ്പെടുന്നു.
നഗത്തിലെ കിഴക്കേ ബൈപ്പാസ് ജങ്ഷന് സമീപമാണ് ഒരുവര്‍ഷമായി ഇളകിമാറിയ സ്ലാബുകളുള്ളത്. വണ്‍വേ ഗതാഗതം നിലവില്‍ വന്നതിന് ശേഷം ബൈപ്പാസ് റോഡില്‍ വാഹനഗതാഗതം കൂടുതലാണ്. തിരക്കേറിയ ഈ റോഡിലാണ് സ്ലാബുകള്‍ കാനയിലേക്ക് വീണ് റോഡുവക്കില്‍ കുഴി രൂപപ്പെട്ടിട്ടുള്ളത്. ഈ കുഴിയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവുകാഴ്ചയാണ്.
ഒരുവര്‍ഷം മുമ്പാണ് ചരക്കുലോറി കയറിയതിനെത്തുടര്‍ന്ന് ഈ ഭാഗത്തെ രണ്ട് സ്ലാബുകള്‍ കാനയിലേക്ക് തെന്നിവീണത്. ഇവിടെ മാത്രമല്ല, നഗരത്തിലെ മറ്റു സ്ഥലങ്ങളിലെയും തകര്‍ന്ന സ്ലാബുകള്‍ മാറ്റുന്ന കാര്യത്തില്‍ പൊതുമരാമത്ത് തികഞ്ഞ അനാസ്ഥയാണ് പുലര്‍ത്തുന്നതെന്ന് ആക്ഷേപമുണ്ട്. പലയിടങ്ങളിലും സമീപത്തെ കച്ചവടക്കാരുടെ നേതൃത്വത്തിലാണ് സ്ലാബുകള്‍ മാറ്റിയിടുന്നത്.