Header

കടല്‍ നിറയെ കടല്‍ ചൊറി വല നിറയെ മത്സ്യബന്ധനം നിറുത്തിവെച്ചു

ചാവക്കാട്: കടലില്‍ വലയിട്ടാല്‍ മത്സ്യത്തൊഴിലാളികള്‍ക്കിപ്പോള്‍ മീനിനേക്കാള്‍ കൂടുതല്‍ കിട്ടുന്നത് കടല്‍ച്ചൊറി എന്ന പേരിലറിയപ്പെടുന്ന ജെല്ലിഫിഷാണ്. കടല്‍ നിറയെ ഇവയായതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നല്ലൊരു ഭാഗവും താത്കാലികമായി മത്സ്യബന്ധനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
രണ്ടാഴ്ചയിലേറെയായി കടലില്‍ വന്‍തോതില്‍ ഇവ കാണപ്പെടുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പുറംകടലില്‍ മാത്രമല്ല, തീരക്കടലിലും ഇവ വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇതിനാല്‍ ബോട്ടുകാര്‍ക്കു മാത്രമല്ല വള്ളക്കാര്‍ക്കും ചെറുവഞ്ചിക്കാര്‍ക്കും വരെ കടല്‍ച്ചൊറി ദുരിതമായിക്കഴിഞ്ഞു. കടലില്‍ ഒഴുകിനടക്കുന്ന ഇവ കൂട്ടമായി വലയില്‍പ്പെട്ടാല്‍ മറ്റു മത്സ്യങ്ങളില്‍നിന്ന് ഇവയെ വേര്‍തിരിച്ചെടുക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ ക്ലേശകരമാണ്.വല വൃത്തിയാക്കി വീണ്ടും വലയടിക്കുന്നതിന് ഒരുപാട് സമയമെടുക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. വന്‍തോതില്‍ ഇവ വലയില്‍ കുടുങ്ങിയാല്‍ ഭാരം താങ്ങാനാവാതെ വല പൊളിഞ്ഞുപോകുന്ന സാഹചര്യവുമുണ്ട്. ഇക്കാരണത്താലാണ് പലരും മത്സ്യബന്ധനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്. ശരീരഭാരത്തിന്റെ 90 ശതമാനവും ജലമായ കടല്‍ച്ചൊറിയുടെ വാലുകള്‍ പോലെയുള്ള ഭാഗത്താണ് ഇതിന്റെ വിഷം അടങ്ങിയിരിക്കുന്നത്.വാലുകളുടെ ഭാഗത്ത് സ്പര്‍ശിച്ചാല്‍ പൊള്ളുന്നതുപോലെയുള്ള കടുത്ത നീറ്റലും ചൊറിച്ചിലും അനുഭവപ്പെടുന്നതിനാല്‍ തീച്ചൊറി എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്. അതിനാല്‍ വലയില്‍ക്കുടുങ്ങുന്ന ഇവയെ ശ്രദ്ധയോടെ നീക്കം ചെയ്തില്ലെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്‌നത്തിനും ഇത് വഴിവെയ്ക്കും.
കടലില്‍ത്തന്നെ ഇവയെ ഉപേക്ഷിക്കുകയാണ് സാധാരണയായി മത്സ്യത്തൊഴിലാളികള്‍ ചെയ്യാറ്. വിവിധയിനത്തിലും നിറങ്ങളിലുമാണ് കടല്‍ച്ചൊറി കാണപ്പെടുന്നത്. നീലനിറത്തിലും കറുപ്പുനിറത്തിലുമാണ് സാധാരണ കാണപ്പെടുന്നത്.
മുനയ്ക്കക്കടവ് ഹാര്‍ബറിലെ ഭൂരിഭാഗം ബോട്ടുകാരും കടല്‍െച്ചാറി കാരണം ഇപ്പോള്‍ മത്സ്യബന്ധനത്തിനു പോകുന്നില്ല. എന്നാല്‍, തെക്കന്‍ കടലില്‍ കടല്‍ച്ചൊറിയുടെ ശല്യം താരതമ്യേന കുറവാണെന്നും തൊഴിലാളികള്‍ പറയുന്നു. കടല്‍പ്പന്നിയുടെ ശല്ല്യത്താല്‍ വലഞ്ഞിരിക്കുന്ന തൊഴിലാളികള്‍ക്ക് കടല്‍ച്ചൊറിയും കൂടിയായപ്പോള്‍ കൂനിന്‍മേല്‍ കുരു എന്ന അവസ്ഥയാണിപ്പോള്‍.

thahani steels

Comments are closed.