Header

എടക്കഴിയൂര്‍ തീരത്ത് അപ്രതീക്ഷിത വേലിയേറ്റം – വീടുകള്‍ വെള്ളത്തിലായി

ചാവക്കാട്: അപ്രതീക്ഷിത വേലിയേറ്റത്തില്‍ അകലാട്, എടക്കഴിയൂര്‍ തീരത്തേക്ക് കടല്‍ ഇരച്ചു കയറി നിരവധി വീടുകള്‍ വെള്ളത്തിലായി.
പുന്നയൂര്‍ പഞ്ചായത്ത് തീരമേഖലയായ അകലാട് ഒറ്റയിനി, നാലാംകല്ല് പഞ്ചവടി ഭാഗങ്ങളിലാണ് കടല്‍ വെള്ളം കയറിയത്. ചൊവ്വാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. കടല്‍ ഇരച്ചു കയറി മണല്‍ത്തിട്ടയിലെ കാറ്റാടി മരങ്ങള്‍ക്കിടിയിലൂടെ താഴ്ന്ന പ്രദേശത്തേക്ക് ഒഴുകിയതോടെയാണ് ആ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയത്. കടല്‍ തീരത്തെ അപേക്ഷിച്ച് പൊതുവെ താഴ്ന്ന ഈ പ്രദേശം മഴ പെയ്താലും വെള്ളക്കെട്ടിലാകാറുണ്ട്. ഒറ്റിയിനി കടപ്പുറത്ത് താഴ്ന്ന ഭാഗത്തേക്ക് കടല്‍ വെള്ളം ഇരച്ചുകയറിയെങ്കിലും വീടുകളി്ലാത്ത തിനാല്‍ നാശമൊന്നുമുണ്ടായില്ല. എന്നാല്‍ നാലാം കല്ല് കടപ്പുറത്ത് 25 ഓളം വീടുകളാണ് വെള്ളത്തിലായത്. പുറത്ത് നിന്ന് വീടിനകത്തേക്ക് കടല്‍ വെള്ളം ശ്കതമായി ഒഴുകിക്കയറിപ്പോഴാണ് വട്ടുകാര്‍ സംഭവമറിയുന്നത്.
മേഖലയില്‍ രണ്ട് വര്‍ഷം മുമ്പും ഇത്തരത്തില്‍ കടല്‍ കയറിയിരുന്നു. കണ്ണന്നൂര്‍ ഫൗസിയ, കറുപ്പം വീട്ടില്‍ അലി, വട്ടംപറമ്പില്‍ അബ്ദുറഹ്മാന്‍കുട്ടി, മുക്കില പീടികയില്‍ മൊയ്തു, യാറങ്ങാട്ട് വളപ്പില്‍ അലി, കണ്ണന്നൂര്‍ നൗഫല്‍, മുക്കില പീടികയില്‍ സലാം, തെരുവില്‍ അഷരഫ്, തരയില്‍ സുധീര്‍ തുടങ്ങി 25 ഓളം പേരുടെ വീടുകളിലേക്കാണ് കടല്‍ വെള്ളം കയറിയത്.
സംഭവമറിഞ്ഞ് എടക്കഴിയൂര്‍ വില്ലേജ് അധികൃതര്‍, വടക്കേക്കാട് പൊലീസ്, പഞ്ചായത്തംഗം കെ.വി ആബ്ദുല്‍ കരീം, സി.പി.എം പുന്നയൂര്‍ ലോക്കല്‍ സെക്രട്ടറി ടി.വി സുരേന്ദ്രന്‍ എന്നിവര്‍ കടപ്പുറം സന്ദര്‍ശിച്ചു. നാട്ടുകാര്‍ മേഖലയിലെ ബീച്ച് റോഡിലും കടപ്പുറത്തും ചാലുകള്‍ വെട്ടിക്കീറി വെള്ളം കടലിലേക്ക് തന്നെ ഒഴുക്കി വിട്ടതോടെയാണ് വീടുകളില്‍ കയറിയ വെള്ളവും താഴ്ന്നത്. മേഖലയില്‍ കൃഷിയിടങ്ങളിലും ജലസ്രോതസുകളിലും ഉപ്പ് വെള്ളം കയറിയത് നാട്ടുകാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കക്കൂസുകളുടെ സെപ്റ്റിക് ടാങ്കുകളില്‍ ഉള്‍പ്പടെ വെള്ളക്കെട്ടുയര്‍ന്നത് പകര്‍ച്ച വ്യാഥികള്‍ക്കു കാരണമാകുമെന്നും ആശങ്കയുണ്ട്.

thahani steels

Comments are closed.