mehandi banner desktop

ചാവക്കാട് തീരത്ത് കടലാമകൾ ചത്തടിയുന്നു; ആശങ്കയോടെ പരിസ്ഥിതി പ്രവർത്തകർ

fairy tale

​ചാവക്കാട്: ചാവക്കാട് തിരുവത്ര ചീനിച്ചുവട് പടിഞ്ഞാറ് ഭാഗത്തെ കടൽത്തീരത്ത് ഒലീവ് റിഡ്ലി ഇനത്തിൽപ്പെട്ട കടലാമയെ ചത്ത നിലയിൽ കണ്ടെത്തി. ഏകദേശം ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന കടലാമയുടെ ജഡം കാക്കകൾ കൊത്തിവലിക്കുന്ന നിലയിലായിരുന്നു.

planet fashion

​ഈ മാസത്തിനിടെ ചാവക്കാട് തീരത്ത് നിന്നും കണ്ടെത്തുന്ന രണ്ടാമത്തെയും, കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലഭിക്കുന്ന അഞ്ചാമത്തെയും കടലാമയുടെ ജഡമാണിത്. കടലാമകളുടെ പ്രജനന കാലത്ത് ഇത്തരത്തിൽ കൂട്ടത്തോടെ ചത്തടിയുന്നത് കടലാമ സംരക്ഷകർക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

​ബോട്ടുകളുടെയോ കപ്പലുകളുടെയോ പ്രൊപ്പല്ലറുകളിൽ തട്ടിയോ, മത്സ്യബന്ധന വലകളിൽ കുടുങ്ങിയോ ആവാം ആമകൾക്ക് ജീവൻ നഷ്ടപ്പെടുന്നത്  എന്നാണ്  പ്രാഥമിക നിഗമനം.

മത്സ്യബന്ധന വലകളിൽ കടലാമകൾ കുടുങ്ങുന്നത് ഒഴിവാക്കാൻ  ടർട്ട്ൽ എക്സ്‌ക്ലൂടെർ ഡിവൈസ് (TED) ഘടിപ്പിച്ച വലകൾ ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും കേരള തീരങ്ങളിൽ ഇത് കൃത്യമായി നടപ്പിലാക്കുന്നില്ല. ഇന്ത്യയിൽ ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് അമേരിക്ക ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി പോലും നിർത്തിവെച്ചിരുന്നു.

കടലാമകൾ മുട്ടയിടാൻ എത്തുന്ന ഈ സീസണിൽ അവയ്ക്ക് ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും വനംവകുപ്പിന്റെയും വിവിധ സംരക്ഷണ സമിതികളുടെയും നേതൃത്വത്തിൽ ഒരുക്കുന്നുണ്ടെങ്കിലും, കടലിൽ വെച്ചുണ്ടാകുന്ന അപകടങ്ങൾ തടയാനോ പരിക്കേറ്റ് കരക്കടിയുന്ന കടലാമകളെ പരിചരിക്കാനോ നിലവിൽ സജ്ജീകരണങ്ങൾ ഇല്ലാത്തത് കടലാമ സംരക്ഷണത്തിന് വെല്ലുവിളിയാണെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറും വനമിത്ര അവാർഡ് ജേതാവുമായ എൻ.ജെ ജെയിംസ് അഭിപ്രായപ്പെട്ടു.

വംശനാശഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിൽ കേരളത്തിനായി വലിയൊരു തുക വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Comments are closed.