ഗുരുവായൂര്‍ : കോട്ടപ്പടിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി ഡ്രൈവറെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. മാലിന്യവുമായെത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ പാലക്കാട് കൊല്ലംങ്കോട് ചീരണി വീട്ടില്‍ വില്‍സന്‍, സഹായി തൃശ്ശൂര്‍ പൂത്തോള്‍ വലിയകത്ത് സുധീര്‍ എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ.ആര്‍.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ നൈറ്റ്പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് കണ്ട് ആനത്താവളം ഭാഗത്ത് നിന്നും ലോറി അമിത വേഗതയില്‍ കടന്നു കളയുകയായിരുന്നു. ജീപ്പ് പിന്തുടര്‍ന്നതോടെ വഴിതെറ്റി തമ്പുരാന്‍പടിയിലെത്തിയ വാഹനം പോലീസ് തടഞ്ഞ് പിടികൂടുകയായിരുന്നു. മേഖലയില്‍ രാത്രികാലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഉറക്കമൊഴിച്ചിരിക്കുകയും പോലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കക്കൂസ് മാലിന്യം തള്ളുവരെ നഗരസഭയും പോലീസും സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മേഖലയില്‍ നേരത്തെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.