ചാവക്കാട് : ചാവക്കാട് പോലീസിനെതിരെ ഗുരുതര ആരോപണവുമായി  ഗൃഹനാഥന്റെ വാര്‍ത്താ സമ്മേളനം. പാലുവായ് വലിയകത്ത് കണ്ണങ്കിലകത്ത് ഹുസൈന്‍ മകന്‍ ലിയാഖത്താണ്‌ ചാവക്കാട് പോലീസിനെതിരെ രംഗത്തെത്തിയത്. ഇയാളുടെ വീടിനോട് ചേര്‍ന്നു രണ്ടുവര്‍ഷം മുന്പ് പണിത ചുറ്റുമതില്‍ സമീപത്തെ ഫ്ലാറ്റുടമ ഗുണ്ടകളെ വിട്ട് തകര്‍ത്തതായി പറയുന്നു. തയ്യല്‍ തൊഴിലാളിയായ ലിയാഖത്ത് വില്ലേജില്‍ നിനിന്നും ഉദ്യോഗസ്ഥരെ കൊണ്ടുവന്നു  സ്ഥലം അളന്നു തിട്ടപ്പെടുത്തിയാണ് അന്ന് മതില്‍ പണിതത്.  ലിയാഖത്ത് ചാവക്കാട് പോലീസില്‍ പരാതി നല്‍കി.  ഫ്‌ളാറ്റുടമയുടെ സ്വാധീനം മൂലം അക്രമിക്ക് അനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന്  ലിയാഖത്ത് പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ടതിന് പകരം പൊളിച്ച മതില്‍ അവര്‍ ആവശ്യപ്പെടു പ്രകാരം ലിയാഖത്തിന്റെ ഭൂമി വിട്ടുകൊടുത്ത് കയറ്റി പണിയുവാനാണ് പോലീസുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ചാവക്കാട് സി ഐ തന്നെ പലതവണ സ്റ്റേഷനിലേക്ക് വിളിപ്പിച്ച്  ഭീഷണിപ്പെടുത്തിയെന്ന് ലിയാഖത്ത് പരാതിപ്പെട്ടു. പിന്നീട്  ലിയാഖത്ത് മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചത് ഫ്‌ളാറ്റുടമ തടയുകയും സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തുവെന്നും തന്റെ സ്ഥലത്ത് അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ അക്രമികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ചാവക്കാട് പോലീസ് തയ്യാറാകുന്നില്ലെന്നും  തനിക്ക് നീതി ലഭിക്കുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. പോലീസിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ലിയാഖത്ത് പരാതി നല്‍കിയിട്ടുണ്ട്.