ബസ് യാത്രക്കാരിയുടെ നേരെ ലൈംഗികാതിക്രമം – ഇറങ്ങി ഓടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടിച്ച് പോലീസിലേൽപ്പിച്ചു

പുന്നയൂർക്കുളം: ഓടുന്ന ബസ്സിൽ യാത്രക്കാരിയായ യുവതിയുടെ നേരെ ലൈംഗിക അതിക്രമം. ഇറങ്ങി ഓടാൻ ശ്രമിച്ച ആളെ കണ്ടക്ടറുടെ നേതൃത്വത്തിൽ നാട്ടുകാർ പിടിച്ച് വടക്കേകാട് പൊലീസിലേൽപ്പിച്ചു. മാള പള്ളിപ്പുറം തേമാലിപറമ്പിൽ അനീഷ് (41) നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് കുന്നംകുളം വെളിയങ്കോട് റൂട്ടിലെ സ്വകാര്യ ബസിൽ യാത്രചെയ്ത വെളിയങ്കോട് സ്വദേശിയായ യുവതിയെ ഇയാൾ സീറ്റിന്റെ പുറകിലിരുന്ന് കയറിപിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോൾ ഇയാൾ ബസിൽ നിന്നു ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു.

ഇയാൾക്കെതിരെ മാള സ്റ്റേഷനിൽ സ്ത്രീപീഡന കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശിയായ ഇയാൾ മാളയിലാണ് താമസം. എവിടേയ്ക്ക് ആണ് പോയിരുന്നത് എന്ന ചോദ്യത്തിനു പരസ്പര വിരുദ്ധമായ മറുപടിയാണ് പറയുന്നത്. എസ്ഐമാരായ പി.എസ്. സാബു, സി.എൻ.ഗോപിനാഥൻ, പി.എ.സുധീർ, സിപിഒമാരായ കെ.സി.ബിനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments are closed.