ദേശീയ പുരസ്കാരം നേടിയ ഗുരുവായൂർ നഗരസഭയ്ക്ക് ശുചിത്വ മിഷൻ്റെ ആദരവ്


ഗുരുവായൂർ : ദേശീയ പുരസ്കാരം നേടിയ ഗുരുവായൂർ നഗരസഭയ്ക്ക് ശുചിത്വ മിഷൻ്റെ ആദരവ്. തിരുവനന്തപുരം ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വിവര വിജ്ഞാന വ്യാപന ക്യാമ്പയിന്‍റെ സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അനുമോദന പത്രം കൈമാറി.
ഇരുനൂറോളം ആസ്പിരേഷ്ണൽ ടോയ്ലറ്റ്സ്, രാത്രികാല ശുചീകരണം തുടങ്ങിയ പ്രവൃത്തികളിലൂടെ നഗരത്തെ ശുചിത്വ പൂർണ്ണമാക്കാൻ നഗരസഭ നിരവധി പദ്ധതികൾ പ്രാവർത്തികമാക്കിയിട്ടുണ്ട്. ശുചിത്വനഗരം ശുദ്ധിയുള്ള ഗുരുവായൂർ എന്ന ആശയം മുൻനിർത്തി നടപ്പാക്കിയ പദ്ധതികളിലൂടെ നഗരസഭ ശുചിത്വ പദവി കൈവരിച്ചിരുന്നു.
ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, മുനിസിപ്പല്‍ സെക്രട്ടറി ബിന എസ് കുമാർ, ഹെൽത്ത് സൂപ്പർവൈസർ വിനോദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ മനീഷ്, സുജിത്ത് എന്നിവര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് – എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷില്‍ നിന്നും അനുമോദനപത്രം ഏറ്റുവാങ്ങി.
അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി ബാലഭാസ്കരന്‍, യൂണിസെഫ് സോഷ്യല്‍ പോളിസി ചീഫ് കെ.എല്‍ റാവു, വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറുമുഖന്‍ കാളിമുത്തു, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം. ധന്യ, ശുചിത്വ മിഷന്‍ ദ്രവമാലിന്യ പരിപാലന ഡയറക്ടര്‍ കെ.എസ് പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

Comments are closed.