കുഞ്ഞൻ മത്തി പിടിച്ചെടുത്ത് കടലിൽ തള്ളി – പരിശോധന മാർക്കറ്റുകളിലേക്കും വ്യാപിപ്പിക്കും

ചേറ്റുവ: അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ നിയമ വിരുദ്ധമായി മത്തി കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സമെൻ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേറ്റുവ ഹാർബറിൽ നിന്നാണ് വള്ളം പിടിച്ചെടുത്തത്. ചെറുമത്തികളെ പിടിച്ച ചാവക്കാട് തിരുവത്ര സ്വദേശി ചെമ്പൻ വീട്ടിൽ ഹാരീഫിൻ്റെ ഉടമസ്ഥതയിലുള്ള മഹാദേവൻ എന്ന വള്ളമാണ് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്. അധികൃതരുടെ പരിശോധനയിൽ വള്ളത്തിന് രജിസ്ട്രേഷനും, ലൈസൻസും ഉണ്ടായിരുന്നില്ല. വള്ളത്തില്‍ 10 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 5000 കിലോ കുഞ്ഞൻ മത്തിയാണ് ഫിഷറീസ് അധികൃതർ പിടികൂടിയത്.

മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വള്ളം പിടികൂടിയത്. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ ഒഴുക്കികളഞ്ഞു. വള്ളം ഉടമയിൽ നിന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റർ നിയമനടപടികൾ പൂർത്തിയാക്കി പിഴ ഈടാക്കും.
ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമ വിധേയമായ വലുപ്പത്തിന് താഴെ പിടിക്കുടുന്നത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡകറക്ടർ സി. സീമയുടെ നിർദ്ദേശപ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജിൻ്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്സ്മെൻ്റ് ആൻഡ് വിജിലൻസ് ഉദ്യോഗസ്ഥരായ വി എം ഷൈബു, വി എൻ പ്രശാന്ത്കുമാർ, സീഗാർഡ്സ് വർഗീസ് ജിഫിൻ, ശ്രേയസ്, ഡ്രൈവർ അഷറഫ് എന്നിവർ ചേർന്നാണ് വള്ളം പിടികൂടിയത്. വരും ദിവസങ്ങളിലും പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന തീര കടലിലും ഹാർബറുകളിലും ഫിഷ് ലാൻ്റിംഗ് സെൻ്ററുകളിലും ഉണ്ടായിരിക്കുമെന്നും ചെറുമത്സ്യങ്ങൾ കയറ്റി പോകുന്ന വാഹനങ്ങളിലും വില്പനാ കേന്ദ്രങ്ങളിലും പരിശോധനകൾ ഉണ്ടായിരിക്കുമെന്നും തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുൾമജീദ് പോത്തന്നൂരാൻ അറിയിച്ചു.

Comments are closed.