ചാവക്കാട് : തീരദേശ നഗരമായ ചാവക്കാടിന് കലയുടെ പുതുചരിത്രം തീര്‍ത്ത് കൊണ്ട് 27,28,29 തിയ്യതികളിലായി നടത്തുന്ന ഇരുപത്തിയാറാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവത്തിന് നഗരിയില്‍ ഉയര്‍ത്താനുള്ള 26 പതാകകള്‍ ജില്ലയിലെ ഇരുപത്തിയാറ് കേന്ദ്രങ്ങളില്‍ നിന്നും നഗരിയിലെത്തും. 26 മഖാമുകളില്‍ നിന്ന് പ്രാര്‍ത്ഥനയോടെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടു കൂടി ആയിരകണക്കിന് പ്രവര്‍ത്തകര്‍ നാളെ വൈകീട്ട് 4.30 ന് ചാവക്കാട് എത്തും. എല്ലാ പതാക ജാഥകളും ചേറ്റുവയില്‍ സംഗമിച്ച് വര്‍ണ്ണശബളമായി ഒരുമിച്ചാണ് ചാവക്കാട്ടേക്ക് എത്തുന്നത്. മഖാം സിയാറത്തുകള്‍ക്ക് സമസ്ത, കേരള മുസ്ലീം ജമാഅത്ത്, എസ്.വൈ.എസ്, എസ്.ജെ.എം, എസ്.എം.എ ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. പതാക വരവിന് സോണ്‍, ഡിവിഷന്‍, സര്‍ക്കിള്‍, സെക്ടര്‍ നേതാക്കള്‍ നേതൃത്വം നല്‍കും. ചേരമാന്‍ പള്ളി മഖാം, കാളത്തോട് കമ്മുകുട്ടി മുസ്ലിയാര്‍ മഖാം, ശൈഖ് അബ്ദുറഹ്മാന്‍ കാളിയറോഡ് മഖാം, വരവൂര്‍ മുഹമ്മദ്ക്കുട്ടി മസ്താനുപാപ്പ മഖാം, പറയങ്ങാട് മഖാം ഉള്‍പ്പെടെയുള്ള പുണ്യ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന പതാകകള്‍ താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍, വെന്മേനാട് അബൂബക്കര്‍ മുസ്ലിയാര്‍, എെ.എം.കെ ഫൈസി, സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി, എം.എം ഇബ്രാഹിം, കെ.ബി ബഷീര്‍ മുസ്ലിയാര്‍ മുതലായവര്‍ ചേർന്ന് ഉയര്‍ത്തും.