ചാവക്കാട് മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാളെ

ഗുരുവായൂർ: നഗരസഭയിലെ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നാളെ നടക്കും. ഭരണകക്ഷിയായ എൽ.ഡി.എഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജനുവരി ആറ് ചൊവ്വാഴ്ച രാവിലെ 10.30-ന് വരണാധികാരി എൻ. വിജയകുമാറിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടക്കുക.

ഷാനി റെജി – സി.പി.ഐ (വികസനം), വി. അനൂപ് – സി.പി.എം (ക്ഷേമം), എ.ടി. ഹംസ – സി.പി.എം (പൊതുമരാമത്ത്), ബിന്ദു അജിത്കുമാർ (ആരോഗ്യം), രതി ജനാർദ്ദനൻ (വിദ്യാഭ്യാസം) എന്നിവരെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്ക് എൽ.ഡി.എഫ് നിശ്ചയിച്ചിട്ടുള്ളത്.
നഗരസഭയിലെ ആകെ ആറ് സ്റ്റാൻഡിങ് കമ്മിറ്റികളിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം നിയമപ്രകാരം വൈസ് ചെയർമാനാണ് വഹിക്കുന്നത്. ബാക്കിയുള്ള അഞ്ച് കമ്മിറ്റികളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നഗരസഭയിലെ എല്ലാ കൗൺസിലർമാരും വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിൽ അംഗങ്ങളാകും. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ നഗരസഭയുടെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാകും.

Comments are closed.