മത്സരിച്ച മൂന്നിനങ്ങളിലും വിജയം – തൃശൂരിന്റെ സ്വർണ്ണക്കപ്പിന് വേദയുടെ ഹാട്രിക് തിളക്കം
ഗുരുവായൂർ : സംസ്ഥാന കലോത്സവം – തൃശൂരിന്റെ സ്വർണ്ണക്കപ്പിന് വേദയുടെ ഹാട്രിക് തിളക്കം. സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും വിജയിയായി ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി വടക്കേടത്തുമനയിൽ വേദ വി ദിലീപ്. ഹയർസെക്കണ്ടറി വിഭാഗം ശാസ്ത്രീയ സംഗീതം, മലയാളം പദ്യം ചൊല്ലൽ, സംസ്കൃതം പദ്യം ചൊല്ലൽ എന്നിവയിലാണ് വേദ എ ഗ്രേഡ് നേടിയത്. ചാവക്കാട് ഉപജില്ലയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ എന്ന ബഹുമതി ഗുരുവായൂർ ശ്രീകൃഷ്ണക്ക് നേടിക്കൊടുത്തൽ വേദയുടെ പങ്ക് വലുതാണ്.
പൂർവികല്യാണി രാഗം ആദി താളത്തിൽ പരലോക സാധനമേ മനസാ.. എന്ന ത്യാഗരാജ കൃതി ആലപിച്ചാണ് ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷവും സംസ്ഥാന തലത്തിൽ ശാസ്ത്രീയ സംഗീതത്തിൽ വേദ എ ഗ്രേഡ് നേടിയിരുന്നു.
തൃശ്ശൂർ ജില്ലയിലെ വേലൂർ പഞ്ചായത്തിലെ വെള്ളാറ്റഞ്ഞൂർ സ്വദേശിയായ ഇപ്പോൾ ഗുരുവായൂർ തമ്പുരാൻ പടി നടുവട്ടത്ത് താമസിക്കുന്ന പ്രശസ്ഥ കർണ്ണാടക സംഗീതജ്ഞനും തഞ്ചാവൂരിനടുത്ത് തിരുവാരൂരിൽ സ്ഥിതി ചെയ്യുന്ന തമിഴ്നാട് കേന്ദ്രസർവ്വകലാശാലയിലെ സംഗീത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ വി ആർ ദിലീപ് കുമാറിന്റെ ഏക മകളാണ് വേദ. ചെറുപ്പം മുതലേ അച്ഛന്റെ ശിക്ഷണത്തിലാണ് വേദ സംഗീതം പഠിക്കുന്നത്. മാതാവ് കെ പി ഹീര ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപികയാണ്.
Comments are closed.