ഗുരുവായൂരപ്പനെ സേവിക്കാന്‍ സുമേഷ് നമ്പൂതിരിക്കിത് രണ്ടാം ഊഴം
ഗുരുവായൂര്‍ : ക്ഷേത്രം മേല്‍ശാന്തിയായി പഴയത്ത് സുമേഷ് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ആര്യന്‍ നമ്പൂതിരി എന്ന പേരിലറിയപ്പെടുന്ന 39 കാരനായ ഇദ്ദേഹം രണ്ടാം തവണയാണ് മേല്‍ശാന്തിയാകുന്നത്. 48പേരാണ് ഇത്തവണ മേല്‍ശാന്തിയാകാനായി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ അഞ്ചു പേരുടെ അപക്ഷ തള്ളിയിരുന്നു. അപേക്ഷ നല്‍കിയവരില്‍ നിന്നും 40പേരാണ് കൂടികാഴ്ചക്ക് ഹാജരായത്. ക്ഷേത്രം വലിയ തന്ത്രി ചോന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരുമായാണ് കൂടികാഴ്ച നടത്തിയത്. കൂടികാഴ്ചയില്‍ യോഗ്യരായ 38 പേരുടെയും പേരുകളെഴുതി നിക്ഷേപിച്ച വെള്ളികുംഭത്തില്‍ നിന്നും ഉച്ച പൂജക്കു ശേഷം നാലമ്പലത്തിനകത്തെ നമസ്‌ക്കാര മണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി പള്ളിശ്ശീരി മനക്കല്‍ ഹരീഷ് നമ്പൂതിരിയാണ് നറുക്കെടുത്തത്. 2012 ഏപ്രില്‍ മുതല്‍ ആറ് മാസകാലമാണ് സുമേഷ് നമ്പൂതിരി നേരത്തെ മേല്‍ശാന്തിയായിരുന്നത്. അച്ഛന്‍ പഴയത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയും പിതൃസഹോദരന്‍ കൃഷ്ണന്‍ നമ്പൂതിരിയും രണ്ട് തവണ മേല്‍ശാന്തിയായിട്ടുണ്ട്. ക്ഷേത്രം ഓതിക്കനായ സുമേഷ് നമ്പൂതിരി ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുത്തുവരുന്നുണ്ട്. ചിറ്റഞ്ഞൂര്‍ മംഗലത്ത് മനയില്‍ സുധ അന്തര്‍ജനമാണ് ഭാര്യ. ഗൗതം കൃഷ്ണ, ഗൗരി കൃഷ്ണ എിവരാണ് മക്കള്‍. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, പേരൂര്‍ ദാമോദരന്‍ നമ്പൂതിരി, കാട്ടുമാടം അനില്‍ നമ്പൂതിരി എന്നിവരാണ് താന്ത്രിക വിദ്യകളില്‍ സുമേഷ് നമ്പൂതിരിയുടെ ഗുരുക്കന്മാര്‍. നിയുക്ത മേല്‍ശാന്തി ഈ മാസം 30-ന് രാത്രി അത്താഴ പൂജക്ക് ശേഷം അടയാളചിഹ്നമായ താക്കോല്‍കൂട്ടം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍നമ്പൂതിപാടില്‍ നിന്ന് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. ഒക്‌ടോബര്‍ ഒന്നുമുതല്‍ ആറുമാസമാണ് കാലാവധി.
Comments are closed.