ഗുരുവായൂര്‍: ഏകാദശി വിളക്കിന്റെ സുവര്‍ണ്ണ പ്രഭയില്‍ ഗുരുവായൂരപ്പന്‍ സ്വര്‍ണ്ണക്കോലത്തിന്റെ പ്രൗഡിയില്‍ എഴുന്നള്ളി. അഷ്ടമി വിളക്കില്‍ രാത്രി വിളക്കെഴുള്ളിപ്പിന്റെ അവസാനത്തെ പ്രദക്ഷിണത്തിലാണ് സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. പാരമ്പര്യ അവകാശികളായ പുഴിക്കിഴെ വാരിയത്തുക്കാരുടെ വകയായിരുടെ അഷ്ടമി വിളക്കാഘോഷം. നവമി. ദശമി വിളക്ക് ദിവസവും രാത്രി വിളക്കെഴുള്ളിപ്പിന് സ്വര്‍ണ്ണക്കോലമാണ് എഴുന്നള്ളിക്കുക. ഏകാദശി ദിവസം രാവിലെയും രാത്രിയും സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കും. മണ്മറഞ്ഞന്‍` കൊമ്പന്‍ പത്മനാഭന് തിരുവിതാംകൂര്‍ മഹാരാജാവ് സമ്മാനിച്ച വീരശ്യംഘല ചാര്‍ത്തി മരതകകല്ലും സ്വര്‍ണ്ണപൂക്കളും കൊണ്ട് അലങ്കരിച്ചതാണ് സ്വര്‍ണ്ണക്കോലം. പത്തുകിലോയിലധികം സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള സ്വര്‍ണ്ണക്കോലം വിലമതിക്കാനാവാത്തതാണ്. അപൂര്‍വ്വാവസരങ്ങളില്‍ മാത്രമാണ് സ്വര്‍ണ്ണക്കോലം സുരക്ഷാ മുറിയില്‍ നിന്ന് പുറത്തെടുക്കാറ്. ഏകാദശിയുടെ നാല് ദിവസങ്ങളിലും ഉത്സവത്തിന്റെ അവസാന മൂന്ന് ദിവസങ്ങളിലും അഷ്ടമിരോഹിണിക്കുമാണ് സ്വര്‍ണ്ണക്കോലം എഴുന്നള്ളിക്കാറ്. സ്വര്‍ണ്ണക്കോലം എഴുള്ളിക്കുന്നത് കണ്ട് തൊഴുതാല്‍ ഏറെ പുണ്യമാണൊണ് വിശ്വാസം. അതു കൊണ്ട് തന്നെ ഈ അവസരങ്ങളില്‍ ക്ഷേത്രത്തില്‍ അപൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടാറ്.
കൊമ്പന്‍ വലിയകേശവന്‍ സ്വര്‍ണ്ണക്കോലമേറ്റി. ശ്രീധരനും ദാമോദര്‍ദാസുമായിരുന്നു പറ്റാനകള്‍. വിളക്കാഘോഷത്തിന്റെ ഭാഗമായി ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലിക്ക് ഗുരുവായൂര്‍ ശശിയുടെ പ്രാമാണികത്വത്തില്‍ പഞ്ചാരിമേളം അകമ്പടിയായി. ഇന്ന് ക്ഷേത്രത്തില്‍ കൊളാടി കുടുംബത്തിന്റെ വക നവമി വിളക്കാഘോഷമാണ്. ദശമി ദിനമായ നാളെ ശ്രീ ഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്റെ വകയാണ് വിളക്കാഘോഷം. ഏകാദശി ദിനത്തില്‍ ഗുരുവായൂര്‍ ദേവസ്വം നേരിട്ടാണ് ഉദയാസ്തമന പൂജയോടു കൂടിയ വിളക്കാഘോഷം നടത്തുക. രാത്രി ദീര്‍ഘനേരം ഗുരുവായൂരപ്പനെ തൊഴാന്‍ കഴിയുന്ന ദിനംകൂടിയാണ് ഇന്ന്. നാലമ്പലത്തിലേക്ക് ഭഗവാന്‍ തിരിച്ചെഴുള്ളുന്നതുവരെ ശ്രീലകവാതില്‍ തുറന്നിരിക്കുമെങ്കിലും ഭക്തര്‍ക്ക് പ്രവേശനമില്ല.