mehandi new

പുസ്തകം കയ്യിലെടുക്കൂ സ്ക്രീൻ ടൈം കുറക്കൂ – പുന്നയൂർക്കുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള സൈക്കിൾ യാത്രക്ക് തുടക്കമായി

fairy tale

പുന്നയൂർകുളം : കമലാ സുരയ്യയുടെ നീർമാതള ചുവട്ടിൽ നിന്നും അന്ത്യ വിശ്രമസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന ക അക്ഷരോത്സവത്തിലേക്ക് മാധ്യമ പ്രവർത്തകൻ എം വി ഷക്കീലിന്റെയും സുഹൃത്ത് കുഞ്ഞുവിന്റെയും നേതൃത്വത്തിലുള്ള സൈക്കിൾ യാത്രക്ക് ഇന്നലെ തിങ്കളാഴ്ച വൈകുന്നേരം ആറുമാണിയോടെ തുടക്കമായി.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ ടി വി ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കമലാ സുരയ്യ ട്രസ്റ്റ് – സെക്രട്ടറി കെ ബി സുകുമാരൻ യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ഉമ്മർ അറക്കൽ അധ്യക്ഷത വഹിച്ചു. പുന്നയൂർക്കുളം സാഹിത്യ സമിതി സെക്രട്ടറി അബു, മാധ്യമ പ്രവർത്തകൻ എം വി ജോസ്, കടപ്പുറം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ പി വി മൻസൂർ അലി, വില്ലേജ് ഓഫീസർ ഫൈസൽ, മാധ്യമ പ്രവർത്തകരായ കാസിം സെയ്ത്, ഫൈസൽ, റാണ പ്രതാപ്, വിഷ്ണു, ഫാറൂഖ്‌ വെളിയങ്കോട്, എം വി ഷക്കീൽ എന്നിവർ സംസാരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ ചാവക്കാട് നിന്നും തുടരുന്ന യാത്ര കൊച്ചിയിൽ സമാപിക്കും. ബുധനാഴ്ച ഓച്ചിറയിൽ തങ്ങി വ്യാഴാഴ്ച തിരുവനന്തപുരം കാ ഫെസ്റ്റിവലിൽ സൈക്കിൾ യാത്ര എത്തിച്ചേരും. കൊച്ചി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ നിന്നും കൂടുതൽ സൈക്കിൾ യാത്രികർ ഇവരോടൊപ്പം ചേരും

മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ് , ടെലിവിഷൻ തുടങ്ങി ഡിജിറ്റൽ ഗാഡ്‌ജറ്റ്സ് ആധുനിക യുഗത്തിൽ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ഇവയ്‌ക്ക് മുന്നിൽ സമയം ചെലവഴിക്കുന്നത്. ബോറഡിമാറ്റുക എന്നതാണ് ഇവിടെ പലരുടെയും ലക്ഷ്യം . ഈ ലക്ഷ്യം ഒടുവിൽ എത്തിക്കുന്നത് അഡിക്ഷനിലാണ്. മാത്രമല്ല അമിതമാകുന്ന സ്‌ക്രീൻ അഡിക്ഷൻ മറ്റു പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്

ഉറക്കമില്ലായ്മ, കാഴ്ചക്കുറവ്, തലവേദന, കഴുത്ത്, പുറം, തോൾ എന്നിവിടങ്ങളിലെ വേദന, അമിത വണ്ണം, മാനസിക പ്രശ്നങ്ങൾ അങ്ങനെ ഓരോ വ്യക്തിയെയും കാത്തിരിക്കുന്നത് വ്യത്യസ്ത രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ്. സ്‌ക്രീനുകൾക്ക് മുന്നിൽ ദിവസവും എട്ട് മണിക്കൂറോ അതിൽ കൂടുതലോ സമയം ഇരുന്ന് ചെയ്യേണ്ടുന്ന ജോലികളാണ് നമ്മളിൽ ഭൂരിഭാഗവും ഇന്ന് ചെയ്യുന്നത്. അതിനാൽ തന്നെ ഇത് നമ്മുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പലപ്പോഴും സ്‌ക്രീൻ അഡിക്ഷനുള്ള മറ്റൊരു കാരണമായി മാറുന്നു.

നീല വെളിച്ചം അമിതമായി എക്സ്പോഷർ ചെയ്യുന്നത് വ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാക്കിയേക്കാം. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ ശ്രേണി, ചർമ്മം, കൊഴുപ്പ് കോശങ്ങൾ മുതൽ സെൻസറി ന്യൂറോണുകൾ വരെ ഇവ ബാധിക്കാമെന്നരീതിയിലാണ് പഠനങ്ങൾ പുരോഗമിക്കുന്നത്.

കുട്ടികളുടെ തലയോട്ടി മുതിർന്നവരെക്കാൾ 60% കട്ടി കുറഞ്ഞതാണ്. സ്വാഭാവികമായും ഫോണിലൂടെയുള്ള റേഡിയേഷൻ മുതിർന്നവരിൽ ഏൽപ്പിക്കുന്ന ആഘാതത്തെക്കാൾ കൂടുതൽ കുട്ടികളിൽ ഏൽപ്പിക്കും. കൂടുതൽ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് വീടുകൾക്കുള്ളിലാണ്. സ്വാഭാവികമായും സാമൂഹികമായ ഇടപെടലുകൾ അതുകാരണം അവരിൽ ഉണ്ടാവുകയില്ല.

മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്ന കുട്ടികളിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ഡിപ്രഷൻ വരാനുള്ള സാധ്യത ഏറെയാണ്. വിഷാദം, ഉത്കണ്ഠ, പഠനത്തിലുള്ള ശ്രദ്ധക്കുറവ് മുതലായവ കുട്ടികളിൽ മൊബൈൽ ഫോൺ കാരണം ഉണ്ടാകുന്നു. അനാവശ്യമായ മത്സരബുദ്ധിയും അക്രമവാസനയും മൊബൈൽഫോൺ ഗെയിമുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കുട്ടികൾക്ക് ഉണ്ടാകാറുണ്ട്. ഇന്റർനെറ്റിന്റെ ലോകത്ത് കൂടുതൽ സമയം ചിലവഴിക്കുന്ന കുട്ടികൾ സ്വാഭാവികമായ ഒരു ജീവിത സന്ദർഭത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്താറുണ്ട്.

ഒരു ദിവസം കൊണ്ട് സ്ക്രീൻ ടൈം കുറക്കാൻ നമുക്ക് കഴിയില്ല. അതിനു വിദഗ്ധർ പല പൊടിക്കൈകളും ഉപദേശിക്കാറുണ്ട്.
രാത്രി ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഫോൺ ബെഡ് റൂമിനു പുറത്ത് വെക്കുക.
ഫോൺ കുറച്ച് സമയം സ്വിച്ച് ഓഫ് ചെയ്യുക.
സ്ക്രീനിൽ നോക്കി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക.
ബോറടിക്കുമ്പോൾ മൊബൈൽ ഫോൺ, ടി വി എന്നിവ ഉപയോഗിക്കുന്നതിനു പകരം വിരസതയാകറ്റാൻ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

ഇതിൽ ഏറ്റവും നല്ലത് എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുക എന്നുള്ളതാണ്. ഒന്നും ചെയ്യാനില്ലെന്നു തോന്നുമ്പോഴാണ് ഇലക്ട്രോണിക് ഗാഡ്ജറ്റ് കളിലേക്ക് തിരിയുന്നത്.
പുസ്തകം വായന, കലാ കായിക വിനോദങ്ങൾ എന്നിവയിൽ ഏർപ്പെടുക. സൈക്കിൾ യാത്ര ശീലമാക്കുക. അത് ശരീരത്തിനും മനസ്സിനും ആരോഗ്യം നൽകുന്ന ഒരു വിനോദമാണ് എന്ന സന്ദേശം യാത്രയിലുടനീളം പ്രചരിപ്പിച്ചു കൊണ്ടാണ് ഇരുവരും തിരുവനന്തപുരത്തേക്ക് സൈക്കിൾ ചവിട്ടുന്നത്. സൈക്കിൾ യാത്രയിൽ താത്പര്യമുള്ള പലരും വഴിയിൽ നിന്നും ഇവരോട് ചേരുന്നുണ്ട്.

planet fashion

Comments are closed.