ഫോട്ടോ : പൈപ്പ് ലൈന്‍ ഇടുന്നതിനു വെട്ടിപ്പൊളിച്ച ചാവക്കാട് എനാമാവ് റോഡ്‌ സഞ്ചാര യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ന്‍റെ നേതൃത്വത്തില്‍ നടന്ന ധര്‍ണ (ഫയല്‍ ചിത്രം )

ചാവക്കാട്: പൈപ്പ് ലൈനിടാൻ വെട്ടിപ്പൊളിച്ച് മാസങ്ങളായി തകർന്നു കിടക്കുന്ന ഏനാമാവ് റോഡ് അറ്റകുറ്റ പണി പൂർത്തിയാക്കണമെന്ന് താലൂക്ക് സമിതി.
ചാവക്കാട്- നഗരസഭാ ബസ് സ്റ്റാൻറ് മുതൽ പഞ്ചാരമുക്ക് വരെയുള്ള മേഖലയിലാണ് ശുദ്ധജല വിതരണത്തിനുള്ള പൈപ്പ് ലൈന് വേണ്ടി റോഡിൻറെ പാതിയിലേറെയുള്ള ഭാഗം പൊളിച്ചിട്ടിരിക്കുന്നത്. റോഡ് പണി പൂര്‍ത്തീകരിച്ച് രണ്ട് മാസം കഴിഞ്ഞു. പ്രദേശത്തെ ജനങ്ങളും വ്യാപാരികളും സന്നദ്ധ സംഘടനകളും നിരന്തരം പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനക്കമില്ല. യാത്രാ ക്ലേശത്തിന് പുറമെ രൂക്ഷമായ പൊടിശല്യം കാരണം ജനങ്ങള്‍ ദുരിതത്തിലായെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച കേരള കോൺഗ്രസ് (എം) പ്രതിനിധി തോമസ് ചിറമ്മല്‍ യോഗത്തില്‍ വിശദീകരിച്ചു. ഏനാമാവ് റോഡ് എത്രയും വേഗം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സീബ്ര ലൈന്‍ വരക്കുന്നതിലും റോഡരികിലെ കൂട്ടിയിട്ട മരത്തടി നീക്കം ചെയ്യുന്നതിനും പഞ്ചായത്തുമായി സഹകരിക്കാന്‍ തയ്യാറാവാത്ത നടപടിയാണ് ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുംഞ്ചേരി ആരോപിച്ചു. ഇത്തരത്തില്‍ പഞ്ചായത്തുമായി ഏറ്റുമുട്ടുന്ന നയമാണ് ദേശീയപാത അധികൃതര്‍ തുടരുന്നതെങ്കില്‍ തിരിച്ചും ഇതേ നയം തന്നെ പഞ്ചായത്ത് സ്വീകരിക്കുമെന്ന് പ്രസിഡൻറ് മുന്നറിയിപ്പ് നൽകി. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് മറുപടി പറയാന്‍ ഒരു ഉദ്യോഗസ്ഥന്‍ പോലും യോഗത്തില്‍ എത്താതിരുന്നത് താലൂക് വികസനസമിതിയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തി.
വേനല്‍ കടുത്തിട്ടും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുകയോ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയോ ചെയ്യുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
എറണാകുളം, കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ യാത്രക്കാരെ തെക്കേ ബൈപ്പാസ് ജംഗ്ഷനില്‍ ഇറക്കി ബുദ്ധിമുട്ടിക്കുന്നതിന് അവസാനം കാണണമെന്ന് പരാതിയിലൂടെ ചാവക്കാട് നിറം സാംസ്‌ക്കാരികവേദി ആവശ്യപ്പെട്ടു. കോടികണക്കിന് രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്റ്റാന്‍ഡിലേക്ക് എല്ലാ ബസും കയറാന്‍ നടപടി വേണമെന്ന് നിറം സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു. ചാവക്കാട് നഗരത്തിലെ റോഡുകളില്‍ പരസ്യമെഴുതിയ അനാവശ്യ ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാരണം റോഡ് മുറിച്ചുകടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നും സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
കോൺഗ്രസ് പ്രതിനിധിയായെത്തിയ നഗരസഭാ കൗൺസിലർ കെ.എസ്.ബാബുരാജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ കെ.പ്രേംചന്ദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ അബു വടക്കയില്‍, സന്ധ്യാ രാമകൃഷ്ണന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ ടി.എ.പ്രശാന്തന്‍, എൻ.സി.പി പ്രതിനിധി എം.കെ.ഷംസുദ്ദീന്‍, കേരള കോൺഗ്രസ് (ബി) പ്രതിനിധി ടി.പി.ഷാഹു എന്നിവർ സംസാരിച്ചു.