തിരുവത്ര : ചാവക്കാട് – പൊന്നാനി ദേശീയ പാതയിലെ കുഴിയിൽ ചാടി കണ്ടയ്നർ ലോറി ചെരിഞ്ഞു. തിരുവത്ര സ്കൂളിനടുത്ത് ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.
മണത്തല മുതൽ മന്നലാംകുന്ന് വരെയുള്ള ദേശീയ പാത ഗതാഗതയോഗ്യമല്ലാതെ ആയിട്ട് മാസങ്ങളായി. മഴ പെയ്യുന്നതോടെ ദുരിത പാത ദുരന്ത പാതയാവുകയാണ്. വെള്ളം കെട്ടി നിൽക്കുന്ന റോഡിലെ കുഴിയുടെ ആഴമറിയാതെ ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് സ്ഥിരം കാഴ്ചയാണ്. വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും അധികൃതർക്ക് യാതൊരു ഇളക്കവുമില്ല.
റോഡിന്റെ നിലവിലെ അവസ്ഥയിൽ പൊതുജനം രോഷാകുലരാണ്.
അധിക ഇന്ധന ചിലവ്, വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുന്നു, യാത്രക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നു, ഓട്ടോ ഡ്രൈവേഴ്സ് പലരും കിടപ്പിലാകുന്നു, യാത്രാ സമയം അധികരിക്കുന്നു. ബൈക്കുകൾ കുഴിയിൽ ചാടി ദിവസവും അപകടങ്ങൾ സംഭവിക്കുന്നു, ദുരിത പാത ദുരന്ത പാതയായി തുടരുന്നു.
ചാവക്കാട് ചേറ്റുവ പാതയിലും സ്ഥിതി വ്യത്യസ്തമല്ല.