മന്ദലാംകുന്ന് പാലത്തിനു സമീപം അപകടം പതിയിരിക്കുന്നു
മന്ദലാംകുന്ന്: പാലത്തിനോട് ചേര്‍ന്നു ഉയര്‍ത്തിയ റോഡിലെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞത് അപകട ഭീഷണിയാവുന്നു.
മന്ദലാംകുന്ന് വെട്ടിപ്പുഴ റോഡില്‍ കനോലി കനാലിനു കുറുകെ നിര്‍മ്മിച്ച പാലത്തിനോട് ചേര്‍ന്നുയര്‍ത്തിയ റോഡിന്‍റെ കരിങ്കല്‍ ഭിത്തിയാണ് കഴിഞ്ഞ ദിവസം തകര്‍ന്നിടിഞ്ഞത്. പാലത്തിലേക്ക് കയറി വരാന്‍ ഉയര്‍ത്തിയ റോഡില്‍ സുരക്ഷക്കായി നാട്ടിയ നിരവധി കൈവരികളും നിലം പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തകര്‍ന്നതാണെന്ന് സംശയിക്കുന്നു. ഭൂമിയില്‍ നിന്ന് പാലത്തിന്‍്റെ ഉയരത്തിലെത്താന്‍ പത്തടിയോളമുള്ള ഭാഗത്താണ് ഭിത്തിയിടിഞ്ഞത്. ഭിത്തിക്കുള്ളില്‍ നികത്തിയ ചെമ്മണ്ണും ഇടിഞ്ഞിട്ടുണ്ട്. റോഡിലൂടെ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും കാല്‍നട യാത്രികര്‍ക്കും പെട്ടെന്ന് നോട്ടമെത്താത്ത ഭാഗത്താണ് ഇടിച്ചിലുണ്ടായിട്ടുള്ളത്. മണ്ണിടിഞ്ഞ ഭാഗത്തെ റോഡ് വക്കില്‍ രണ്ടടിയോളം വീതിയില്‍ പുല്ല് മൂടിക്കിടക്കുകയാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്കായി വലിയ വഹനങ്ങള്‍ ഈ ഭാഗത്തേക്കിറക്കിയാല്‍ ഈ ഭാഗത്തെ റോഡിടിഞ്ഞ് വാഹനം നിലം പതിച്ച് വന്‍ ദുരന്തമുണ്ടാകാനുള്ള സാധ്യതയുണ്ട്. 1991ലാണ് പാലവും അനുബന്ധ റോഡും പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. റോഡില്‍ അപകടമറിയിക്കുന്ന മുന്നറയിപ്പ് ബോര്‍ഡുകളൊന്നുമില്ല. ബന്ധപ്പെട്ട അധികൃതര്‍ ഇനിയും ഇതറിഞ്ഞിട്ടില്ല. തകര്‍ന്ന റോഡ് അടിയന്തിരമായി പണി തീര്‍ക്കണമെന്ന് തിങ്കളാഴ്ച്ച രേഖാമൂലം ആവശ്യപ്പെടുമെന്ന് ചാവക്കാട് ബ്ളോക്ക് പ്രസിഡണ്ട് ഉമര്‍ മുക്കണ്ടത്ത് അറിയിച്ചു.
Comments are closed.