ഏപ്രിൽ ഒന്നിന് യുംനയുടെ ഇശൽ നിലാവോടെ മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവലിന് തുടക്കമാവും

പുന്നയൂർ : മന്ദലാംകുന്ന് ബീച്ച് ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെയും പുന്നയൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവൽ 2025 ഏപ്രിൽ 01 മുതൽ 20 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഏപ്രിൽ 01 ന് വൈകുന്നേരം 5 മണിക്ക് സാംസ്കാരിക സമ്മേളനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഉദ്ഘാടനം ചെയ്യും. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മറ്റു ജന പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. അന്നേദിവസം 06 മണിക്ക് പ്രശസ്ത ഗായിക യുംന അജിൻ ടീം നയിക്കുന്ന ഇശൽ നിലാവ് ഉണ്ടായിരിക്കും.
ഏപ്രിൽ 02 വൈകീട്ട് 5 മണിക്ക് ദൃമതി ടീം നയിക്കുന്ന കൈ കൊട്ടിക്കളി, ആറുമണിക്ക് വോയ്സ് ഓഫ് മാജിക് ലാബ് ബാനറിൽ, പ്രശസ്ത സിനിമാറ്റിക് ഡാൻസർ നിൻസി ക്സേവിയർ & എൻ എഫ് ആർ ജി മോയൻസ് ടീം നയിക്കുന്ന സിനിമാറ്റിക്ക് ഡാൻസ് & ഗാനമേള എന്നിവ നടക്കും. വിഷുവിനോട് അനുബന്ധിച്ച് ഏപ്രിൽ 14 ന് വൈകീട്ട് 5 ന് ലാസ്യ നൃത്ത സംഘം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളി, വൈകീട്ട് 6 ന് ദക്ഷിണേന്ത്യയിലെ പ്രശസ്ത ഓർക്കസ്ട്ര ഗ്രൂപ്പ് തൃശൂർ കലാസദൻ നയിക്കുന്ന ഗാനോത്സവ് ഉണ്ടായിരിക്കും. വർണ്ണമഴ എക്സിബിഷൻ അമ്യൂസ്മെന്റ് പാർക്ക്, പുന്നയൂർ പഞ്ചായത്തിൽ ആദ്യമായി കാഴ്ചയുടെ വർണ്ണ വിസ്മയമൊരുക്കി സ്നോ വേൾഡ് തുടങ്ങിയവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
പുന്നയൂർ ഗ്രാമ പഞ്ചായത്ത് മന്ദലാംകുന്ന് ബീച്ച് ഡെവലപ്പ്‌മെന്റ് കമ്മിറ്റി ചെയർമാൻ ടി.വി സുരേന്ദ്രൻ, കൺവീനർ അസീസ് മന്ദലാകുന്ന്, മറ്റു ഭാരവാഹികളായ വി.കെ ഇർശാദുദ്ദീൻ, പി. കെ ഹസ്സൻ, പി. എ നസീർ, യൂസഫ് തണ്ണിത്തുറക്കൽ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

Comments are closed.