ചാവക്കാട് : റോഡരികിൽ നിന്നും ലഭിച്ച പേഴ്‌സും 30,500 രൂപയും ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മുസ്ലിം ലീഗ് നേതാവ്. മുസ്ലിംലീഗ് ചാവക്കാട് നഗരസഭ ജനറൽ സെക്രട്ടറിയും ചാവക്കാട് ടി ടി ട്രാവൽസ് ഉടമയുമായ ഹനീഫ് ചാവക്കാടിനാണ് പേഴ്സ് ലഭിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് ചാവക്കാട് ഏനാമാവ് റോഡരികിൽ നിന്ന് പേഴ്സ് ലഭിച്ചത്. ഉടൻതന്നെ പേഴ്സുമായി ഹനീഫ് ചാവക്കാട് പോലീസ് സ്റ്റേഷനിലെത്തുകയും പേഴ്സ് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ഇതേ സമയം പണമടങ്ങിയ പേഴ്സ് അന്വേഷിച്ച് ഉടമ മണത്തല അമ്പലപ്പറമ്പിൽ സംഗീത സുരേഷ് ഏനാമാവ് റോഡിൽ എത്തിയിരുന്നു. പേഴ്സ് ലഭിച്ചയാൾ ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് പോയിട്ടുണ്ടെന്ന് പരിസരത്തെ കടയുടമകൾ അറിയിച്ചതോടെ സംഗീത പോലീസ് സ്റ്റേഷനിലെത്തി. ഇതേസമയം ഹനീഫയും സ്റ്റേഷനിലുണ്ടായിരുന്നു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ പേഴ്സ് ഉടമയ്ക്ക് കൈമാറി. വീട് നിർമ്മാണത്തിന് ആവശ്യമായ ചിലവുകൾക്ക് സൂക്ഷിച്ച തുകയായിരുന്നു പേഴ്സിലുണ്ടായിരുന്നതെന്ന് സംഗീത പറഞ്ഞു.