മന്ദലാംകുന്ന് ബീച്ചിൽ രാമച്ച പാടവും മണ്ണുമാന്തി യന്ത്രവും കത്തി നശിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ രാമച്ച പാടവും വിളവെടുപ്പിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രവും കത്തി നശിച്ചു. അണ്ടത്തോട് തങ്ങൾപടി സ്വദേശി തട്ടകത്ത് രവിയുടെ രാമച്ച പാടവും മണ്ണുമാന്തി യന്ത്രവുമാണ് ഞായറാഴ്ച്ച രാത്രിയിൽ കത്തിനശിച്ചത്. മണ്ണുമാന്തി യന്ത്രം കത്തുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ രവിയെ വിവരമറിയിക്കുകയായിരുന്നു. രവിയും തൊഴിലാളികളും എത്തിയാണ് തീയണച്ചത്. ഗുരുവായൂരിൽ നിന്നും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

വിളവെടുപ്പിനായി തയ്യാറായ 10 സെൻ്റോളം സ്ഥലത്തെ തലപ്പ് വെട്ടിയ രാമച്ചവും യന്ത്രവും പൂർണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ വിളവെടുപ്പ് മഴ പെയ്തതിനാൽ നിർത്തി വെച്ചതായിരുന്നു. യന്ത്രത്തിന് തീയിട്ടതാണെന്ന് സംശയിക്കുന്നതായി രവി പറഞ്ഞു. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

Comments are closed.