റവന്യു, പഞ്ചായത്ത് അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ കുണ്ടുകടവിൽ പുഴ നികത്തുന്നു

ഒരുമനയൂർ : അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ എട്ടാം വാർഡ് കുണ്ടുകടവിൽ സെമിത്തേരിക്ക് സമീപം പുഴ മണ്ണിട്ട് നികത്തുന്നു. പുഴയിലേക്ക് 90 അടിയോളം ബണ്ട് കെട്ടി അതിനു മുകളിൽ മതിൽ പടുത്തുയർത്തിയതിനുശേഷമാണ് നികത്തൽ. രണ്ടു വർഷം മുൻപാണ് സ്വകാര്യ വ്യക്തി മത്സ്യകൃഷി നടത്താനെന്ന വ്യാജേന പുഴയിൽ ബണ്ട് കെട്ടിയത്. രണ്ടു മാസത്തോളമായി പുഴ നികത്തൽ തുടരുന്നു. സർക്കാർ ഒഴിവു ദിവസങ്ങളിലാണ് ടിപ്പർ ലോറികളിൽ മണ്ണടിച്ചു പുഴ നികത്തിക്കൊണ്ടിരിക്കുന്നത്.

സർവ്വേ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങള്‍ കാണിച്ച് രേഖമൂലം പരാതിപ്പെട്ടാൽ മാത്രമേ പുഴ നികത്തുന്നതിനെതിരെ നടപടിയെടെക്കാൻ കഴിയുകയുള്ളൂ എന്ന് ഒരുമനയൂർ വില്ലേജ് ഓഫീസർ പറഞ്ഞു.
പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെയാണ് പുഴ കയ്യേറ്റം നടക്കുന്നതെന്ന് പഞ്ചായത്ത് മെമ്പറും യു ഡി എഫ് നേതാവുമായ ചാക്കോ ആരോപിച്ചു. എന്നാൽ അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് ഇറഗേഷൻ ഡിപ്പാർട്മെന്റിനു റിപ്പോർട്ട് നൽകിയിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് പറഞ്ഞു.
മുൻപ് രണ്ടു തവണ പുഴ നികത്തുന്നതിനെതിരെ പരാതിപ്പെടുകയും വില്ലേജ് അധികാരികൾ സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. റവന്യൂ, പഞ്ചായത്ത് അധികൃതരുടെ നിസംഗതയാണ് പുഴ നികത്തൽ തുടരുന്നതിന്റെ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

Comments are closed.