ചാവക്കാട് : നഗരസഭയിലെ മൂന്നാം വാർഡ് കൗൺസിലറും വികസന കാര്യ സ്ഥിരം സമിതി ചെയർമാനുമായ കോട്ടപ്പുറത്ത് സലാം ഹസ്സനാണ് പാമ്പിൽ നിന്നും നാട്ടുകാർക്ക് രക്ഷകനാവുന്നത്. അഞ്ചടിയിലധികം നീളമുള്ള എട്ടു വയസ്സ് പ്രായം കണക്കാക്കാവുന്ന കൊടും വിഷമുള്ള പുല്ലാനി മൂർഖനെയാണ് കഴിഞ്ഞ ദിവസം സലാം കുപ്പിയിലാക്കിയത്.
മൂന്നാം വാർഡിലെ പുളിച്ചാരം വീട്ടിൽ മനാഫിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ടാങ്കിലാണ് പാമ്പിനെ കണ്ടത്. പെരുച്ചാഴിയെ അകത്താക്കുനുള്ള ശ്രമത്തിൽ മൂർഖൻ ടാങ്കിലേക്ക് വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ സലാമിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ആറാമത്തെ പാമ്പിനെയാണ് സലാം പിടികൂടുന്നത്.
മാസങ്ങൾക്ക് മുൻപ് കോട്ടപ്പുറത്തെ ഒരു വീട്ടിലെ അടുക്കളയിൽ കണ്ട പാമ്പിനെ സലാം എത്തിയാണ് പിടികൂടിയത്.
പാമ്പിനെ കണ്ടാൽ നാട്ടുകാർ ഇപ്പോൾ ആദ്യം വിളിക്കുന്നത് കൗൺസിലറെയാണ്.