വീണു കിട്ടിയ സ്വർണ്ണാഭരണം പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി
ഗുരുവായൂർ : റോഡിൽ നിന്നും വീണു കിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന കൈചെയിൻ പോലിസിൽ ഏൽപിച്ച് യുവാവ് മാതൃകയായി. അന്നകര പറോല എഴുത്തച്ഛൻ വീട്ടിൽ പി ആർ രജീഷിനാണ് കൈചെയിൻ വീണു കിട്ടിയത്. താമരയൂരിലെ ടയർ ലാന്റ് എന്ന റീസോൾ സ്ഥാപനത്തിലെ ജീവനക്കാരനാണ് രജീഷ്. ടയർ വാങ്ങാൻ മുതുവട്ടൂരിലെ ഓഫീസിൽ എത്തിയ മണത്തല ബേബി റോഡ് കൂർക്കപറമ്പിൽ മധുരാജുമായി കമ്പനിയിലേക്ക് ബൈക്കിൽ പോകുമ്പോൾ മുതുവട്ടൂർ താമരയൂർ റോഡിൽ പ്രിയദർശനി റോഡ് ജംഗ്‌ഷനിൽ നിന്നുമാണ് കൈചെയിൻ ലഭിച്ചത്.
രാവിലെ ഒൻപതേ മുക്കാലോടെയാണ് സ്വർണ്ണാഭരണം ലഭിച്ചത്. ഉടൻ തന്നെ ടെംപിൾ പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയും ചെയ്തു. ലഭിച്ചത് സ്വർണം തന്നെയാണോ എന്നും, തൂക്കം എത്രയെന്നും പോലീസ് പരിശോധിക്കുന്നതിനിടെ നഷ്ടപെട്ട ഉടമ പേരകം വാഴപ്പുള്ളി അമ്പലത്തു വീട്ടിൽ ജംഷീറ പരാതിയുമായി സ്റ്റേഷനിലെത്തി.
ജംഷീറ രാവിലെ എൽ എഫ് കോൺവെന്റിൽ യു കെ ജിയിൽ ചേർത്ത തന്റെ മകനെ സ്‌കൂളിൽ കൊണ്ട് വിട്ട് തിരിച്ചെത്തിയപ്പോഴാണ് കൈചെയിൻ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് സ്‌കൂളിലും വഴിയിലും തിരച്ചിൽ നടത്തിയെങ്കിലും കൈചെയിൻ കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശയോടെ വീട്ടിൽ എത്തിയപ്പോഴാണ് പോലീസ് സ്റ്റേഷനിൽ കളഞ്ഞു കിട്ടിയ ആഭരണം ഏല്പിച്ച വിവരം അറിയുന്നത്.
സ്റ്റേഷനിൽ എത്തിയ ജംഷീറക്ക് ടെംപിൾ സി ഐ പ്രേമാനന്ദ കൃഷ്ണന്റെ സാന്നിധ്യത്തിൽ രജീഷ് കൈചെയിൻ കൈമാറി.
Comments are closed.