ഗുരുവായൂര്‍ : കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയുടെ മുന്നിലെ ഭണ്ഡാരം കുത്തി തുറന്ന്  മോഷണം. ഏകദേശം മുപ്പതിനായിരം രൂപയോളം നഷ്ടപെട്ടതായി കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ കപ്യാര്‍ മണിയടിക്കാനെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ പ്രധാന ഗേറ്റിന് മുന്നിലെ ഭണ്ഡാരമാണ് കുത്തിതുറന്നിട്ടുള്ളത്. രണ്ട് പൂട്ടുകളും തകര്‍ത്ത നിലയില്‍ സമീപത്ത് നിന്നും കണ്ടെത്തി. ചില്ലറ പൈസയടക്കം ബാക്കിവെക്കാതെ ഭണ്ഡാരം കാലിയാക്കിയാണ് മോഷ്ടാവ് പോയത്. ഒരു മാസം മുമ്പാണ് ഭണ്ഡാരം തുറന്നെണ്ണിയത്. ക്രിസ്തുമസും പള്ളിപെരുന്നാളും കണക്കിലെടുത്ത് നേര്‍ച്ച പണം സാധാരണയില്‍ കവിയാന്‍ സാധ്യതയുള്ളതായി വികാരി ഫാ. നോബി അമ്പൂക്കന്‍ പറഞ്ഞു. കഴിഞ്ഞ തവണ ഭണ്ഡരാത്തില്‍ നിന്നും നിരോധിച്ച നോട്ടുകളുടെ കെട്ടുകള്‍ കിട്ടിയിരുന്നു. ഇത്തവണയും അത് ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായും വികാരി പറഞ്ഞു. പള്ളിയധികൃതര്‍ പരാതി നല്‍കിയതനുസരിച്ച് ഗുരുവായൂര്‍ പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലതെത്തി പരിശോധന നടത്തി.