ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് – അനുഭവങ്ങളുടെ വസന്തം

ചാവക്കാട് : കേരള ശാസ്ത്ര സാങ്കേതിക കൗൺസിൽ, തൃശ്ശൂർ ജില്ലാ ദേശീയ ഹരിത സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ത്രിദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ശിക്ഷക്സദനിൽ നടന്ന ക്യാമ്പിൽ ജില്ലയിലെ 35 ഓളം സ്കൂളുകളിൽ നിന്നായി 60 വിദ്യാർത്ഥികൾ പങ്കെടുത്തു. ഡോ. സി. എൽ. ജോഷി, ഡോ. ജെയിൻ ജെ തേറാട്ടിൽ, പി പി ശ്രീനിവാസൻ, എം വി ഷക്കീൽ, പാർവതി നമ്പലാട്ട് എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

പ്രകൃതി പഠനത്തിന്റെ ഭാഗമായി ചാവക്കാട് കടൽ തീരം, മുതുവട്ടൂരിലെ മാംഗോസ്റ്റിൻ തോട്ടം, ആന കോട്ട, ആലാപാലം, അഴിമുഖം, കടൽ ഭിത്തി, ചക്കംകണ്ടത്തെ കണ്ടൽകാടുകൾ എന്നിവിടങ്ങൾ സന്ദർശിച്ചു. പരിസ്ഥിതിയും കടലും, കോൾ പാടത്തെ ജലപക്ഷികൾ, കടൽ മത്സ്യ ലഭ്യത കുറവ്, കടലാമയറിവുകൾ, കണ്ടൽകാടുകളുടെ നിലനില്പ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു. ആലാപാലത്തെ ജലപക്ഷികളായ ഞാറ കുള കൊക്ക്, ചായമുണ്ടി, കുളക്കോഴി, നീലക്കോഴി, നെല്ലി കോഴി , മീൻ മൂങ്ങ, മണ്ണാത്തി പുള്ള്, കാക്ക തമ്പുരാട്ടി, ചൂളനിരണ്ട, നീർക്കാക്ക എന്നിവരെ പക്ഷിനിരീക്ഷകൻ പി. പി. ശ്രീനിവാസൻ പരിചയപ്പെടുത്തി. അക്കപൂക്കളും ആമ്പൽ പൂക്കളും പോട്ട കമ്പുകളും കിടങ്ങോലകളും കുട്ടികൾ കൈ നിറയെ ശേഖരിച്ചു.
പാർവതി നമ്പലാട്ട്, സ്മിത, ക്രിസ്റ്റോ ജോസ് , മരിയ രശ്മി, ദേശീയ ഹരിതസേന ജില്ലാ കോഡിനേറ്റർ എൻ. ജെ ജെയിംസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.