ഒരുമനയൂരിൽ കുറുനരിയുടെ വിളയാട്ടം – മൂന്നു പേർക്ക് കടിയേറ്റു
ഒരുമനയൂർ : ഒരുമനയൂരിൽ കുറുനരിയുടെ വിളയാട്ടം. ഇന്ന് രാവിലെ മുതൽ ഉച്ചവരെ ഓടി നടന്ന കുറുനരി മൂന്നു പേരെ കടിച്ചു പരിക്കേല്പിച്ചു. മാങ്ങോട്ട് ഭാഗത്ത് പറമ്പിൽ മേഞ്ഞിരുന്ന മൂന്നു ആടുകളെയും ആക്രമിച്ച് പരിക്കേല്പിച്ചു. ഒരുമനയൂർ അഞ്ച്, ആറ് വാർഡുകളിൽ ഉൾപ്പെടുന്ന മാങ്ങോട്ട് പടി, അമ്പലത്താഴം മേഖലയിലാണ് കുറുനരി ഭീതി വിതച്ചത്. കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരുമനയൂർ ആറാം വാർഡിൽ മുത്തന്മാവ് ലക്ഷംവീട് അയ്യപ്പൻവീട്ടിൽ വേലായുധൻ മകൾ അനിത ( 50 ), മാങ്ങോട്ട് സ്‌കൂളിന് സമീപം പേലി വീട്ടിൽ താമി മകൾ പുഷ്പ (50), അഞ്ചാം വാർഡ് അമ്പലതാഴം കിഴക്കിനിയത് തങ്ക (66) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. പറമ്പിൽ പണിയെടുക്കുന്നതിനിടെയാണ് മൂന്നുപേർക്കും കുറുനരിയുടെ കടിയേറ്റത്.
മേഖലയിൽ ഭീതിപരത്തിയ കുറുനരിയെ ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ മാങ്ങോട്ട് ക്ഷേത്രത്തിനു സമീപം ദേശീയപാതയിൽ വാഹനം ഇടിച്ചു ചത്തനിലയിൽ കണ്ടെത്തി. കുറുക്കൻ എന്ന് തെറ്റായി വിളിക്കപ്പെടുന്ന കുറുനരിയെ രാത്രികാലങ്ങളിൽ മാത്രമാണ് കണ്ടുവരാറ്.
കുറുക്കനും കുറുനരിയും
കുറുക്കൻ വലിപ്പം കുറഞ്ഞതും നീളം കുറഞ്ഞതും ആയ ജീവി ആണ്. ഒരു വലിയ പൂച്ചയുടെ വലിപ്പം മാത്രം. 2 മുതൽ – 5 കിലോഗ്രാം മാത്രം ഭാരമുള്ള ഇവയുടെ. തലയും ഉടലും ചേർന്നുള്ള ആകെ നീളം 60 മുതൽ90 സെന്റീമീറ്റർ മാത്രമാണ്. കുറുനരികൾക്ക് നായയുടെ വലിപ്പം ഉണ്ടാകും നീണ്ട ശരീരമാണ്. 9 മുതൽ 12 കിലോഗ്രാം വരെ തൂക്കം ഉണ്ടാകും ഇവർക്ക് ഒരു മീറ്ററിനടുത്ത് നീളവും അര മീറ്ററോളം ഉയരവും കാണും.
കുറുക്കന്മാരുടെ ദേഹം മുഴുവൻ മനോഹരമായ രോമാവരണം ഉണ്ടാകും. വാലിന് നിലത്തിഴയും വിധം നല്ല നീളവും നിറയെ രോമവും ഉണ്ടാകും. വാലഗ്രം കറുപ്പ് നിറമുണ്ട്.എന്നാൽ കുറുനരികൾക്ക് , അത്ര ഭംഗിയില്ലാത്ത മുഷിഞ്ഞ രോമാവരണം ആണുണ്ടാകുക. . വാൽ കുറുക്കന്റെ വാലോളം നീളവും രോമാവരണവും ഉള്ളതല്ല.
Comments are closed.