ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പട്ടയം വിതരണം ചെയ്തു

പുന്നയൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 145 പട്ടയങ്ങൾ വിതരണം ചെയ്തു. പട്ടയമേള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. പലവിധ സങ്കീർണമായ പ്രശ്നങ്ങൾ മൂലം പതിറ്റാണ്ടുകളോളം പട്ടയം ലഭിക്കാതെ നിരന്തരം പിന്നാലെ നടന്നവരുണ്ട്. ഈ പ്രശ്നങ്ങൾ തീർക്കുമെന്ന് പറഞ്ഞപ്പോൾ കുറെ കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് പരിഹസിച്ചവരുമുണ്ട്. അവർക്കുള്ള മറുപടിയാണ് ഈ സർക്കാർ അധികാരത്തിലേറിയ ശേഷം വിതരണം ചെയ്ത 4,09,955 പട്ടായങ്ങളെന്ന് മന്ത്രി പറഞ്ഞു. അതിനായി ഉത്തരവുകൾ കൊടുക്കേണ്ടി വന്നാൽ ഉത്തരവ് കൊടുക്കുകയും നിയമം മാറ്റേണ്ടി വന്നാൽ നിയമം മാറ്റുകയും ചട്ടം മാറ്റേണ്ടി വന്നാൽ ചട്ടം മാറ്റുകയും ചെയ്യുമെന്ന് മന്ത്രി കൂട്ടിചേർത്തു.

പുന്നയൂർ മെഹന്തി ഗാർഡൻ അൽസാക്കി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പട്ടയമേളയിൽ എൻ.കെ അക്ബർ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. പട്ടയമേളയിൽ പുറമ്പോക്ക് പട്ടയം- 60, ലാന്റ് ട്രൈബ്യൂണൽ പട്ടയം – 65, ദേവസ്വം പട്ടയം – 20 എന്നിങ്ങനെ ആകെ 145 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ അറുപതോളം പട്ടയം പുന്നയൂർ പഞ്ചായത്തിലാണ്.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ റഹീം വീട്ടിപ്പറമ്പിൽ, മുഹമ്മദ് ഗസാലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി സുരേന്ദ്രൻ, ജാസ്മിൻ ഷഹീർ, എൻ.എം.കെ നബിൽ, വിജിത സന്തോഷ്, സാലിഹ ഷൗക്കത്ത്, ബിന്ദു സുരേഷ്, പുന്നയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിശ്വനാഥൻ, ഷെമിം അഷറഫ്, എ.കെ വിജയൻ, പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുജീബ് റഹ്മാൻ, ചിതു രാജേഷ്, എം.കെ അറാഫത്ത്, സുബൈദ പുളിക്കൻ, ചാവക്കാട് തഹസിൽദാർ എം.കെ കിഷോർ, കുന്നംകുളം ലാന്റ് ട്രൈബ്യൂണൽ തഹസിൽദാർ കെ.ടി ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്വാഗതവും ഡെപ്യൂട്ടി കളക്ടർ എം.സി ജ്യോതി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Comments are closed.