അഴിമതിക്ക് തടയിടാൻ – സബ് രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് ജനകീയ സമിതികൾ രൂപീകരിച്ചു

ഗുരുവായൂർ : സർക്കാർ ആഫീസുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി മാർച്ച് 31 നകം സബ് രജിസ്ട്രാർ ആഫീസുകൾ കേന്ദ്രീകരിച്ച് ജനകീയ സമിതികൾ രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവ് അനുസരിച്ച് ഗുരുവായൂർ നിയോജക മണ്ഡലത്തിലെ സബ് രജിസ്ട്രാർ ഓഫീസുകൾ കേന്ദ്രീകരിച്ച് എൻ കെ അക്ബർ എം എൽ എ ചെയർമാനായി ജനകീയ സമിതികൾ രൂപീകരിച്ചു. രൂപീകരണ യോഗം ഗുരുവായൂർ എംഎൽഎ എൻകെ അക്ബറിൻ്റെ അധ്യക്ഷതയിൽ ചാവക്കാട് പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ ചേർന്നു. ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും സുതാര്യമായതും വേഗത്തിലുമുള്ള സേവനങ്ങള്‍ രജിസ്ട്രാര്‍ ഓഫീസ് മുഖേന നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട സംവിധാനമായാണ് ജനകീയ സമിതികള്‍ വിഭാവനം ചെയ്തിട്ടുള്ളത്.

അണ്ടത്തോട് രജിസ്ട്രാഫീസിന് ആധുനിക രീതിയിലുള്ള കെട്ടിടവും മെച്ചപ്പെട്ട അനുബന്ധസൌകര്യങ്ങളും ഉണ്ടെങ്കിലും കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസ് വാടക കെട്ടിടത്തിലാണെന്നും ചാവക്കാട് സബ് രജിസ്ട്രാര്‍ ഓഫീസ് സ്ഥലപരിമിതി മൂലം പ്രയാസത്തിലാണെന്നും ആയതിനാല്‍ അതിന്‍റെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതില്‍ ജനകീയ സമിതികള്‍ ഫലപ്രദമായി ഇടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
എല്ലാ മാസത്തിലും മൂന്നാമത്തെ ശനിയാഴ്ച രജിസ്ട്രാര്‍ ഓഫീസുകളില്‍ ജനകീയ സമിതിയുടെ യോഗം ചേരുന്നതിനും എം.എല്‍.എ യുടെ അസാന്നിദ്ധ്യത്തില്‍ രജിസ്ട്രാര്‍ ഓഫീസ് നിലനില്‍ക്കുന്ന സ്ഥലത്തെ നഗരസഭ ചെയര്‍മാന്‍ /പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരാനും തീരുമാനമായി. ജനകീയ സമിതിയിലേക്ക് പ്രതിനിധികളെ നിശ്ചയിച്ച് നല്‍കാത്ത എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ അദ്ധ്യക്ഷര്‍ക്ക് പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തിൽ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ ഷീജ പ്രശാന്ത്, ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ്, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ, അണ്ടത്തോട് കോട്ടപ്പടി, ചാവക്കാട് എന്നിവയിലെ സബ് രജിസ്ട്രാർമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , അധരമെഴുത്തുകാരുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments are closed.