Header

ഡിസംബർ 18 ഇന്ന് ലോക കുടിയേറ്റ ദിനം

✍️ബദറുദ്ദീൻ ഗുരുവായൂർ, (ജനറൽ സെക്രട്ടറി, പ്രവാസി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി. (മീഡിയ ഇൻ ചാർജ് ))

ലോക കുടിയേറ്റ ദിനം. 2004 ഡിസംബർ 4 ന് ചേർന്ന ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയാണ് സാർവ്വഭൗമിക കുടിയേറ്റ ദിനം ആചരിക്കുവാൻ തീരുമാനിച്ചത്. നമുക്കൊരുമിച്ച് സൗഖ്യപ്പെടാം, ഗ്രഹിയ്ക്കാം, തിളങ്ങാം എന്നതാണ് ആപ്തവാക്യം. ലോക ജനസംഖ്യയുടെ 3.6 ശതമാനം വരുന്ന പരദേശികൾക്ക്, വിവേചനാതീതമായ ആരോഗ്യ സുരക്ഷ പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.
നാം ഭാരതീയർക്ക് പക്ഷെ, കാലാനുസൃതവും സമഗ്രവുമായ ഒരു കുടിയേറ്റ നിയമം സ്വാതന്ത്ര്യാമൃതവർഷാനന്തരവും മരീചികയാണെന്ന തിരിച്ചറിവോടെയാകട്ടെ ഈ കുടിയേറ്റ ദിനാചരണം, ഒപ്പം എത്രയാളുകൾ തങ്ങളുടെത് വിദേശ രാജ്യങ്ങളിലുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ ഒന്നും ഗവണ്മെന്റുകളുടെ പക്കലില്ലെന്നും.

ലോകത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തിയ ജനവിഭാഗം മലയാളികളായിരിക്കും. ഇതിൽ പ്രധാനമായും രണ്ടു കുടിയേറ്റങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിൽ നടന്നത്. ഒന്ന് : 1930 കളിൽ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് നടന്ന ആഭ്യന്തരമായ കുടിയേറ്റം, രണ്ടു : 1950 കളോടെ ആരംഭിച്ച ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. കേരളത്തെ സാമ്പത്തികമായി വളരയെധികം മുന്നോട്ടു നയിച്ചത് ഈ കുടിയേറ്റമാണ്.

ആഭ്യന്തര കുടിയേറ്റം പ്രമേയമാക്കി എസ്. കെ. പൊറ്റെക്കാട്ട് മലയാണ്മയ്ക്ക് സമ്മാനിച്ച മികച്ച സാഹിത്യ സൃഷ്ടിയാണ് വിഷകന്യക എന്നത് സാന്ദർഭികമായി സ്മരണീയം.
കുടിയേറ്റത്തിന് പല തലങ്ങളാണുള്ളത്. രാഷ്ട്രങ്ങൾ തമ്മിലുള്ള പോരു മൂലവും ആഭ്യന്തര സംഘർഷങ്ങളുടെ ഭാഗമായും സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുമെല്ലാം കൂടിയേറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. സാമ്പത്തികം ലക്ഷ്യമിട്ടവന്റെതിന് സമാനമാവില്ല യുദ്ധക്കെടുതിയിലൂടെയും ആഭ്യന്തര കലഹങ്ങളിലൂടെയും അസ്തിത്വത്തിന്റെ അടിവേരറുക്കപ്പെട്ടവന്റെ ആത്മസംഘർഷം. പരേച്ഛയുടെ നിർബ്ബന്ധവിധി അടിച്ചേൽപ്പിക്കപ്പെട്ട പരദേശിയുടെ പലായനാനന്തര ജീവിതം, ആത്മഹത്യക്കും കൊലക്കുമിടയിലെ നൂൽപ്പാല സഞ്ചാരമാണ് പലപ്പോഴും.
പറിച്ചു നടപ്പെട്ട സമൂഹത്തിലെയോ പ്രവിശ്യയിലെയോ രാഷ്ട്രത്തിലെ തന്നെയോ നിയമവ്യവസ്ഥിതികളോടും ഇത് കലഹിക്കുന്നത് കാണാം. ഖത്തർ ലോകകപ്പിലെ മൊറോക്കോയുടെ ജയശേഷം ബെൽജിയത്തിൽ മൊറോക്കൻ ശരണാർത്ഥികൾ കലാപാന്തരീക്ഷം സൃഷ്ടിച്ചത് സമീപകാല കാഴ്ചയൊന്നു മാത്രം.
മുൻകാലങ്ങളിൽ, പല കാരണങ്ങളാൽ ചുവപ്പുപരവതാനി വിരിച്ച് സ്വീകരിച്ച രാഷ്ട്രങ്ങളിൽ അഭയാർത്ഥികൾക്കായി ഇന്ന് കരുതി വെച്ചിരിക്കുന്നത് വംശീയ വെറിയുടെയും പ്രാദേശിക വാദത്തിന്റെയുമെല്ലാം ശരശയ്യകളാണെന്നതാണ് സമകാലിക സമസ്യ.
ഈ പശ്ചാത്തലത്തിൽ വേണം, തലമുറകളായി വസിക്കുന്ന നാട്ടിൽ നിന്ന്, ഒരു പ്രത്യേക മതാനുയായി ആണെന്നതിനാൽ ഇരയാക്കപ്പെടാനും ദുരുപയോഗം ചെയ്യാനും ഏറെ സാദ്ധ്യതയുള്ള പൗരത്വ നിയമഭേദഗതിയുടെ രണ്ടാം വരവ് ചർച്ച ചെയ്യുവാൻ എന്നോർമ്മിപ്പിക്കട്ടെ!
ഒരു നൂറ്റാണ്ട് മുമ്പ്, പട്ടിണിയുടെയും സാമ്പത്തികാസമത്വത്തിന്റെയും പശ്ചാത്തലത്തിൽ തുടങ്ങിയ കുടിയേറ്റം നിർബ്ബാധം തുടരുന്ന സമൂഹമാണ് നമ്മുടെത്. പ്രവാസത്തെ ഒരു ജീവിത പ്രക്രിയയായി സ്വീകരിച്ചവരാണ് മലയാളികൾ.

ചരിത്രപരവും സാമൂഹികവും സർവ്വോപരി സാമ്പത്തികവുമായ കാരണങ്ങളാണ് പ്രവാസത്തിന് നിദാനമാവുന്നത്. കേരളീയ സമൂഹത്തിൽ, ഒഴിച്ചുകൂടാനാവാത്ത ഘടകമായി പ്രവാസം മാറിയിട്ട് കാലമേറെയായി. അതേസമയം സാമൂഹ്യഘടനാവൈപരീത്യങ്ങൾക്കും സാമ്പത്തികാസമത്വങ്ങൾക്കും ഇത് വഴിമരുന്നിടുന്നുണ്ടെന്ന വസ്തുതയും, ദശാബ്ദങ്ങളായി തുടരുന്ന ഈ പ്രക്രിയ മൂലം വിദ്യാഭ്യാസപരമായി മുൻ തലമുറകളെ പുറകോട്ടടിച്ചു എന്നതും കാണാതെ പോകരുത്. അതേസമയം, വിദ്യാസമ്പന്നമായ തലമുറകളുടെ അസാന്നിദ്ധ്യം വിജ്ഞാന സമൂഹ സൃഷ്ടിയിൽ സംഭാവനയർപ്പിക്കേണ്ട ഒരുസമൂഹത്തെ, വിശിഷ്യാ മുസ്‌ലിം സമുദായത്തെ അതിൽ നിന്ന് അകറ്റി നിറുത്തുകയും ചെയ്തു.
ഉന്നത സമൂഹ സൃഷ്ടിയിൽ ഭാഗഭാക്കാകേണ്ട പരശ്ശതം ആളുകളങ്ങനെ, ഓരോ ഈരണ്ടു വർഷവും കൂടുമ്പോൾ പുതുക്കേണ്ട കേവലം കരാർ തൊഴിലാളികളായി മദ്ധ്യ പൗരസ്ത ദേശത്ത് ജീവിതത്തിന്റെ പുഷ്കലകാലം ഹോമിച്ചു. മാറിമാറിവന്ന സർക്കാരുകളാകട്ടെ, ഇവരെ തീണ്ടാപ്പാടകലെ നിറുത്തുകയും വരേണ്യവർഗ്ഗമെന്ന ലേബൽ പതിപ്പിച്ച് അർഹമായ സ്ഥാനങ്ങൾ നിഷേധിക്കുകയും ചെയ്തു.
അതാത് രാഷ്ട്രീയ കക്ഷികളൊരുക്കുന്ന പ്രവാസി സംഗമ വേദികളിലും പി.ബി.ഡി.യിലും ” ഖജനാവു താങ്ങിനിർത്തുന്നവനാണെന്നും അതിർത്തി കടന്നും യുദ്ധം ചെയ്യുന്ന സൈനികനെന്നു”മെല്ലാമുള്ള വായ്ത്താരികളിൽ പുളകിതനാവുന്ന പ്രവാസി തന്നെയാണ്, നിശ്ചയമായും തനിക്ക് ലഭിക്കേണ്ട അവകാശങ്ങൾക്കായി തെരുവീഥികളിൽ സമരം ചെയ്യേണ്ടി വരുന്നത്.
വോട്ടിലെ ഭരണ – പ്രതിപക്ഷാന്തര ത്തേക്കാൾ അംഗസംഖ്യയുള്ള പ്രവാസി സമൂഹത്തിൽ നിന്ന് ഒരു ജനപ്രതിനിധി പോലുമില്ലെന്നത്, പ്രവാസി സമൂഹത്തോട് രാഷ്ട്രീയ നേതൃത്വങ്ങൾ വച്ചു പുലർത്തുന്ന നിസ്സംഗതയുടെ യുടെയും നൃശംസതയുടെയും ബാക്കിപത്രമല്ലാതെ മറ്റെന്താണ്?
മുപ്പതിനായിരം കോടിയിലേറെ രൂപ എമിഗ്രേഷൻ ഇനത്തിൽ ഡിപ്പോസിറ്റ് ചെയ്ത പ്രവാസികൾക്കായി ഇടക്കാലത്ത് ഒരു വകുപ്പുണ്ടായി എന്നതൊഴിച്ചാൽ അവരുടെ ക്ഷേമത്തിനായി ഒരു നിയമ നിർമ്മാണവും നടത്താത്തവരാണ് കേന്ദ്രത്തിലുളളത്. പ്രവാസി വകുപ്പു കൊണ്ട് സമൂഹത്തിനു് എന്തെങ്കിലും നേട്ടമുണ്ടായതായി വകുപ്പുമന്ത്രിയായിരുന്നയാളും പറഞ്ഞിട്ടില്ല. എങ്കിലും ദോഷകരമായ ഒന്നുണ്ടാവുകയും ചെയ്തു. അതുവരെയില്ലാത്ത ഒരു നിയമ സൃഷ്ടിക്കാണ് അന്ന് തുടക്കമിട്ടത്. പ്രവാസി ഭാരതീയൻ വിദേശത്ത് മരണപ്പെട്ടാൽ ഭൗതികശരീരം ജന്മനാട്ടിലേക്കെത്തിക്കണമെങ്കിൽ ഫൈനൽ എംബാർക്കേഷൻ പോയ്ന്റിലെ മെഡിക്കൽ ഓഫീസറുടെ നിരാക്ഷേപപത്രം നിർബ്ബന്ധമാക്കിയെന്നതാണത്. 5 വിമാനത്താവളങ്ങളും മാധവ സേവയെന്നാൽ മാനവസേവ തന്നെയാണെന്ന സാമൂഹികാവബോധവുമുള്ള സന്നദ്ധപ്രവർത്തകർ ഏറെയുള്ള കേരളത്തിൽ ഇത് പ്രശ്നമാകാറില്ലെന്നാലും നൂറുക്കണത്തിന് കിലോമീറ്റർ യാത്ര ചെയ്ത് വിമാനത്താവളത്തിലെത്താൻ പാടുപെടേണ്ടിവരുന്ന ഉത്തര ഭാരതത്തിൽ, പ്രത്യേകിച്ച് വടക്കു കിഴക്കാൻ സംസ്ഥാനങ്ങളിൽ ഇത് വലിയൊരു കടമ്പയും ശവം തീനി ഉറുമ്പുകളായ ഉദ്ധ്യോഗസ്ഥർക്ക് കൈകൂലിക്കുള്ള നല്ലൊരുപാധിയുമായി ഇത് മാറുന്നുവെന്നതാണ് സത്യം.

സ്റ്റോക് മാർക്കറ്റിലെ സങ്കോചവികാസങ്ങളുസരിച്ചും സാമ്പത്തിക നയവൈകല്യങ്ങൾക്കനുസൃതമായും രൂപ ഊർദ്ധശ്വാസമെടുക്കുമ്പോൾ ഫോറിൻ റെമിറ്റൻ സ് ആശ്വാസമാണെന്നാലും സ്വതന്ത്ര വിപണി നയമുള്ള ഒരു രാഷ്ട്രത്തെസ്സംബന്ധിച്ചിടത്തോളം ഡോളറിന്റെ കുതിപ്പ് സ്വന്തം കറൻസിയുടെ മരണമണിയാണ്. വ്യാപാരക്കമ്മിയും ഡീമണിറ്റൈസേഷൻ മൂലമുണ്ടായ തകർച്ചയും നാണയപ്പെരുപ്പവും മഹാമാരിയും തുടങ്ങി നയപരമായ കാര്യങ്ങളിൽ ശക്തവും സുവ്യക്തവുമായ നടപടികളുടെ അഭാവവും മൂലം രൂപ എക്കാലത്തെയും താഴ്ന്ന നിലയിലാണ്.
സ്വാതന്ത്ര്യാനന്തരം ഒമാനിലും ഖത്തറിലും കുവൈത്തിലും ബഹ്റൈനിലും യു.എ.ഇ.യുടെ പൂർവ്വരൂപമായ എമിറേറ്റുകളിലും സ്വതന്ത്രവിനിമയം നടന്നിരുന്ന രൂപ, കഠിനകാലമായ 90 ൽ പോലും ഡോളറുമായുള്ള തുലനത്തിൽ 40 രൂപയിൽ സ്വതന്ത്ര വിപണിയിൽ പിടിച്ചു നിന്നപ്പോൾ, സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ എക്സ്ചേഞ്ച് നിരക്കിൽ 82രൂപയിലെത്തിനിൽക്കുന്നത് ആശങ്കാജനകമാണ്. കഴിഞ്ഞ വർഷം മാത്രം ഭാരതത്തിലേക്കെത്തിയ എട്ടു ലക്ഷം കോടി പ്രവാസിപ്പണമെന്നത് ഒരു റെക്കോഡ് ആണെന്നതിൽ അപ്പോൾ അഭിമാനിക്കാനെന്തിരിക്കുന്നു?

ഇതിന്റെയെല്ലാം പ്രത്യക്ഷ നേട്ടങ്ങൾ പ്രവാസി അനുഭവിക്കുമ്പോൾ, പരോക്ഷമായുണ്ടാക്കുന്ന അപരിഹാര്യമായ സാമൂഹികാഘാതങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് അപരാധമാണ്. വിദേശങ്ങളിൽ സകുടുംബം താമസിക്കുന്ന തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മാതൃഭാഷ അന്യമാവുന്നതിൽ ഭൂരിഭാഗം മലയാളികളും ആശങ്കാകുലരല്ല. അവരെ സംബന്ധിച്ചിടത്തോളം “സർവ്വരോഗ സംഹാരിയായ” ഇംഗ്ലീഷ് ഉണ്ടല്ലോ! പക്ഷെ മാതൃഭാഷയെന്നത്, ആശയ വിനിമയത്തിനുള്ള കേവലോപാധി മാത്രമല്ലന്നും, അത് തന്റെ ചുറ്റുപാടുകളെ ശരിയാംവണ്ണം മനസിലാക്കാനും പ്രതികരിക്കാനുതകുന്നതും തന്റെ വളർച്ചയിലും വികാസത്തിലും വലിയൊരു പങ്കു വഹിക്കുന്നതുമാണതെന്ന തിരിച്ചറിവു് എന്നാണ് പ്രവാസിക്കുണ്ടാവുക?. അതുകൊണ്ടു തന്നെ ആശയ വിനിമയോപാധിയെന്നതിലുപരി, സാംസ്കാരികതകളുടെ വിശാലതയിലേക്ക് തുറക്കുന്ന വാതായനങ്ങളുടെ താക്കോൽ കൂടിയായി മാറുന്നുണ്ട് മാതൃഭാഷ. ബഹുമുഖ സാംസ്കാരികതയുടെ നന്മകൾ സ്വാംശീകരിക്കുമ്പോഴും തന്റെ തട്ടകത്തിലെ തനിമയും സർഗ്ഗാത്മകതയും നിലനിർത്തുവാനും വളർന്ന സാഹചര്യത്തെയും അതിൽ വേരൂന്നിയ സാമൂഹിക പശ്ചാത്തലത്തെയും വിളക്കിച്ചേർക്കുന്ന ശക്തമായ ഉപകരണമായും മാതൃഭാഷ മാറുന്നുവെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. മദ്ധ്യപൗരസ്ത്യദേശത്ത്, “ആയിരത്തൊന്നു രാവുകളി”ലെ കഥകളെ വെല്ലും വിധം ദ്രുത വികാസപരിണാമങ്ങൾക്ക് സാക്ഷിയായ തലമുറയുടെ പിൻബലമുണ്ടായിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വൈജ്ഞാനിക നിർമ്മിതിയിൽ പ്രവാസി സമൂഹത്തിന്റെ സംഭാവന ഇനിയും രേഖപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ ഒരു പരിധിവരെ പഴിക്കാമെങ്കിലും ദീർഘവീക്ഷണവും ഇച്ഛാശക്തിയില്ലാത്തതുമായ ഭരണ നേതൃത്വത്തെയും കക്ഷി രാഷ്ട്രീയത്തിന്റ ജടിലതയെ താലോലിക്കുന്ന പ്രവാസി സംഘടനകളെയും വരും തലമുറ വെറുതെ വിടുമെന്ന് തോന്നുന്നില്ല. പ്രവാസി മൂലധനം ആകർഷിക്കുന്നതിലും സുരക്ഷയൊരുക്കുന്നതിലും പരിപാലിക്കുന്നതിലുമെല്ലാം നമ്മുടെ സംസ്ഥാനം വളരെ പുറകിലാണെന്നതാണ്, ദൈവത്തിന്റെ സ്വന്തം നാട്ടിൽ പ്രവാസി സംരഭങ്ങൾ കരിഞ്ഞുണങ്ങുമ്പോൾ, സഹ്യനപ്പുറത്ത് തഴച്ചുവളരുകയും ചെയ്യുന്ന പ്രതിഭാസം തെളിയിക്കുന്നത്.

കുത്തഴിഞ്ഞ പൊതു- ഉന്നത വിദ്യാഭ്യാസ രംഗങ്ങൾ കൂടിയായതോടെ പ്രവാസികളുടെ പിൻ തലമുറക്കാർ നിലനില്പിനായുള്ള സംത്രാസത്തിൽ അന്യ സംസ്ഥാനങ്ങളെയോ രാജ്യങ്ങളെയോ തന്നെ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കേണ്ട നിർബ്ബന്ധിതാവസ്ഥയെ അഭിമുഖീകരിക്കുകയാണിപ്പോൾ.
മലയാളിക്കിത് പുത്തനനുഭവമല്ലെന്ന് പറഞ്ഞേക്കാം. അന്യദേശങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടിയ സഹസ്രങ്ങളായ പൂർവ്വ സൂരികൾ ഇവിടെയുണ്ട്. അന്നു പക്ഷെ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത മൂലമാണ് ഇതെങ്കിൽ ഇപ്പോഴത്തെ ഒഴിഞ്ഞുപോക്ക് കലുഷിതവും അരാജകത്വം അരങ്ങു വാഴുന്നതുമായ ക്യാംപസ് കളോട് സന്ധിചെയ്യാനാവാത്ത സമാധാനകാംക്ഷികളായ വിദ്യാർത്ഥി സമൂഹത്തിന്റെ നിശ്ശബ്ദ പ്രതികരണമായി വേണം വിലയിരുത്താൻ. “മസ്തിഷ്ക വരൾച്ച” യുടെ മറ്റൊരാവൃത്തിയുടെ തുടക്കം വലിയ നഷ്ടങ്ങളായിരിക്കും മലയാളിക്കു സമ്മാനിക്കുക. കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉന്നത വിദ്യാഭ്യാസ മേഖലയെ കാളക്കൂറ്റൻ കയറിയ പിഞ്ഞാണക്കടയാക്കി മാറ്റുമ്പോൾ, അരാജകവാദികൾ, ഫാഷിസത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റാനുള്ള ഊർജ്ജിത ശ്രമത്തിലുമാണ്. പിന്നോക്ക -അധഃസ്ഥിത വിഭാഗങ്ങക്കുള്ള വിദ്യാഭ്യാസ-സാമൂഹ്യാവകാശങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കിയും ജീവിതത്തിന്റെ പുറംപോക്കിലേക്ക് അടിസ്ഥാനവർഗ്ഗത്തെ തള്ളിയിട്ടു കൊണ്ടും വസുധൈക കുടുംബകം ഘോഷിക്കുമ്പോൾ, “രാമന്റെ ദുഃഖം” കൂടുതൽ ഘനീഭവിക്കുകയാണെന്നാരറിയാൻ!

ഡിസബർ 18 മറ്റൊരു ദിനാചരണം കൂടി അരങ്ങേറുന്ന ദിനമാണ്.
“സ്രഷ്ടാവായ നിന്റെ നാഥന്റെ നാമത്തിൽ നീ വായിക്കുക” എന്നു
തുടങ്ങുന്ന 5 വാക്യങ്ങളിലൂടെ അവതീർണ്ണമായവേദഗ്രന്ഥമായ ഖുർആന്റെ ഭാഷയായ അറബിക്കിനെ ഐക്യരാഷ്ട്ര സഭയുടെ ആറാമത്തെ ഔദ്യോഗിക ഭാഷയായി 1973 ൽ അംഗീകരിച്ചതിന്റെ ഓർമ്മക്കായാണ് ഈ ദിനം 2012 ൽ യുനെസ്കോ ആഹ്വാനപ്രകാരം ആചരിച്ചു തുടങ്ങിയത്. 40 കോടിയിലേറെ ജനങ്ങൾ ആശയ വിനിമയം നടത്തുന്നതും ഏറ്റവും കടുപ്പമേറിയ വ്യാകരണ നിയമങ്ങളുമുള്ള അറബിക്, മനുഷ്യ കുലത്തിന്റെ എണ്ണിയാലൊടുങ്ങാത്ത സാംസ്കാരിക വൈജാത്യത്തിന് നൽകിയ സംഭാവനകൾ എടുത്തു പറഞ്ഞു കൊണ്ടാണ് സാർവ്വലൗകിക അറബി ഭാഷാ ദിനത്തിന്റെ പത്താം വാർഷികാഘോഷത്തിന് സാംസ്കാരിക പരിപാടികളാേടെ യുനെസ്കോ പാരീസിൽ തുടക്കമിട്ടത്.

1950 ൽ തുടങ്ങിയ ഗൾഫ് പ്രവാസത്തിൽ, അറബിപ്പൊന്ന് സ്വപ്നം കണ്ട് യാതനാപൂർണ്ണമായ യാത്രക്കൊടുവിൽ നടുക്കടലിലും ഖോർഫുക്കാൻ കുന്നുകൾക്കടിയിലും വിലയം പ്രാപിച്ച അജ്ഞാത പ്രവാസികൾക്കായി നമുക്കീ കുടിയേറ്റ ദിനം സമർപ്പിക്കാം.

Comments are closed.