mehandi new

ട്രാഫിക് പരിഷ്കരണം – നഗരത്തിലെ ഗതാഗത കുരുക്കഴിഞ്ഞു – ബസ്സ്‌ യാത്രക്കാർ വെട്ടിലായി

fairy tale

planet fashion

ചാവക്കാട് : പുതിയ ഗതാഗത പരിഷ്കരണത്തെ തുടർന്ന് നഗരത്തിലെ ഗതാഗത കുരുക്കഴിഞ്ഞു.
മണത്തല ദേശീയ പാത വരെ നീണ്ടിരുന്ന കനത്ത ഗതാഗത തടസ്സം ഒഴിഞ്ഞു. ട്രാഫിക് ബാരിക്കേടുകൾ മാറ്റി സ്ഥാപിച്ചതോടെ നഗരമധ്യം വിശാലമായി.
ബസ്സ്‌ റൂട്ടിലും സ്റ്റോപ്പുകളിലും വന്ന മാറ്റങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കിയതായും പരാതി.

പുതുപൊന്നാനി, ചാവക്കാട് ബീച്ച്, ചേറ്റുവ റോഡുകളിൽ നിന്നും വരുന്ന മുഴുവൻ വാഹനങ്ങളും ചാവക്കാട് മെയിൻ റോഡ് വഴിയാണ് കടത്തി വിട്ടിരുന്നത്. പുതുപൊന്നാനി, ചേറ്റുവ ഭാഗത്തു നിന്നും നഗരത്തിൽ പ്രവേശിക്കുന്ന കുന്നംകുളം, ഗുരുവായൂർ, പാവറട്ടി, എറണാകുളം റൂട്ടുകളിലേക്ക് പോകേണ്ട വാഹനങ്ങളെല്ലാം ചാവക്കാട് മെയിൻ റോഡ് ( കുന്നംകുളം ഗുരുവായൂർ റോഡ് ) വഴി കടന്നു പോവേണ്ടിയിരുന്നതിനാൽ കനത്ത ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. നഗരത്തിലെ ഗതാഗത കുരുക്കിൽ മണത്തല ദേശീയപാതയിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.

പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണത്തെ തുടർന്ന് ചാവക്കാട് മെയിൻ റോഡിലൂടെയുള്ള വാഹന ഗതാഗത്തിൽ കാര്യമായ കുറവ് സംഭവിച്ചു. പാവറട്ടി, ചേറ്റുവ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളെ ചാവക്കാട് സെന്ററിൽ നിന്നും എന്നാമാവ് റോഡ് വഴി പോകാൻ അനുവദിച്ചതോടെയാണ് മെയിൻ റോഡിലെ ഹെവി ട്രാഫിക് ന് അയവു വന്നത്. പ്രധാനമായും ഈ മാറ്റമാണ് നഗരത്തിലെ ഗതാഗത കുരുക്കിൽ നിന്നുള്ള മോചനം സാധ്യമാക്കിയത്.

പുതുപൊന്നാനി, ബീച്ച് ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ നഗരം ചുറ്റാതെ എന്നാമാവ് റോഡ് വഴി ബസ്സ്‌ സ്റ്റാണ്ടിലേക്ക് നേരിട്ട് പോകുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. നഗരത്തിൽ മറ്റെവിടെയും ബസ്സുകൾക്ക് സ്റ്റോപ്പുമില്ല. ചാവക്കാട് സബ് രജിസ്ട്രോഫീസ്, നഗരസഭ കാര്യാലയം, താലൂക്ക് ഓഫീസ്, പോലീസ് സ്റ്റേഷൻ, എം ആർ ആർ എം സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങി നഗരത്തിലെ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ ബസ്സ്‌ സ്റ്റാൻഡിലോ പുതിയ പാലത്തിനപ്പുറമോ ഇറങ്ങി വളരെ ദൂരം നടക്കേണ്ടിവരുന്നു എന്നതാണ് പുതിയ പ്രശ്നം. സ്ത്രീകളും പ്രായമായ യാത്രക്കാർക്കും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബസ്സുകളെ പഴയ റൂട്ടിലൂടെ തന്നെ തിരിച്ചുവിട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

പുതുപൊന്നാനി, ബീച്ച് ബസ്സ്‌ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് വേണ്ട മാറ്റങ്ങൾ കൂടി വരുത്തിയാൽ നഗരത്തിലെ പുതിയ ട്രാഫിക് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്താനാകും.

കൊടുങ്ങല്ലൂർ ബസ്സുകൾ സ്റ്റാണ്ടിൽ കയറിയാൽ പാലയൂർ വഴി ഗുരുവായൂരിലേക്ക് പോകുന്നതായും പരാതിയുണ്ട്. ട്രാഫിക് പരിഷ്കരണം മൂലം തെക്കേ ബൈപാസിൽ ഗതാഗതം വർദ്ദിച്ചു.

ജൂൺ ഒന്ന് മുതലാണ് ചാവക്കാട് ടൗണിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കിയത്. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിലവിലെ ഗതാഗത സംവിധാനം പഠന വിധേയമാക്കി സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിഷ്കരണം. നടപ്പിലാക്കിയത്.

പൊതു അവധി ദിനങ്ങളിലും വൈകുന്നേരങ്ങളിലും ബീച്ചിലേക്കും മറ്റുമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് മുല്ലത്തറ ജംക്ഷനിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിൽ മാറ്റമൊന്നും വന്നിട്ടില്ല

Jan oushadi muthuvatur

Comments are closed.