Header

ചാവക്കാട് നഗരത്തില്‍ ഗതാഗത ക്രമീകരണം വിജയകരമെന്ന് വിലയിരുത്തല്‍

ചാവക്കാട്: ഗതാഗതകുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ ചാവക്കാട് നഗരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം വിജയകരമെന്ന് വിലയിരുത്തല്‍. നഗരത്തില്‍ എവിടെയും വാഹനങ്ങള്‍ക്ക് കെട്ടി കിടക്കേണ്ട അവസ്ഥ ഉണ്ടായില്ല. വാഹനങ്ങള്‍ തട്ടും തടയുമില്ലാതെ സുഗമമായി നീങ്ങി. എന്നാല്‍ ഗതാഗത തടസം ഉണ്ടായില്ലെങ്കിലും ചില പോരായ്മകളുണ്ടെന്ന് അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം അധികം യാത്ര ചെയ്യേണ്ടി വരുന്നു എന്നതാണ് ഇതില്‍ പ്രധാനം. ചാവക്കാട് വടക്കേബൈപ്പാസ് റോഡിലുള്ള ഒരു സ്ഥാപനത്തിലേക്ക് ഏനാമാവ് റോഡില്‍ പാലയൂര്‍ ഭാഗത്ത് നി്ന്നും വരുന്ന വാഹനം തെക്കേബൈപ്പാസ് ജംഗ്ഷന്‍ വഴി ചേറ്റുവ റോഡ് വഴി ചാവക്കാട് താലൂക്ക്ഓഫീസിനു മുന്നിലൂടെ വടക്കേബൈപ്പാസ് ജംഗ്ഷനിലെത്തി തിരിഞ്ഞ് വേണം ഇവിടെയെത്താന്‍. ചാവക്കാട് നഗരത്തില്‍ നിന്നും ആസ്പത്രി പടിയിലേക്ക് പോകുന്ന ഓട്ടോറിക്ഷ യാത്രയുടെ ഇരട്ടി ദൂരം സഞ്ചരിച്ച് വേണം സ്റ്റാന്‍ഡിലേക്ക് മടങ്ങിയെത്താന്‍. കൂടാതെ ചേറ്റുവ റോഡില്‍ നിന്നും വരുന്ന ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാതെ താലൂക്ക് ഓഫീസ് പരിസരത്താണ് യാത്രക്കാരെ ഇറക്കുന്നത്. ഇതിനാല്‍ സ്റ്റാന്‍ഡിലെത്തേണ്ട യാത്രക്കാര്‍ വീണ്ടും നടക്കേണ്ട സാഹചര്യവുമുണ്ട്.
ബുധനാഴ്ച രാവിലെ 10 മുതലാണ് നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി നഗരത്തില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചു. വിവിധ സന്നദ്ധ സംഘടനപ്രവര്‍ത്തകരും പോലീസിനെ സഹായിക്കാനുണ്ടായിരുന്നു.

thahani steels

Comments are closed.