mehandi new

ട്രയല്‍ നടത്തി – നഗരത്തില്‍ ട്രാഫിക്ക് ക്രമീകരണം നാളെമുതല്‍

fairy tale

ചാവക്കാട് : നഗരത്തില്‍ ട്രാഫിക്ക് ക്രമീകരണം നാളെമുതല്‍ നിലവില്‍വരും. ഏഴാം തിയതി ബുധനാഴ്ച്ച മുതല്‍ നിലവില്‍ വരുന്ന ട്രാഫിക്ക് ക്രമീകരണങ്ങളുടെ ഭാഗമായി ഒരു മണിക്കൂര്‍ നീണ്ടു നിന്ന ട്രയല്‍ നടത്തി. സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തിലാണ് വണ്‍വെ സംവിധാനത്തിന്റെ ട്രയല്‍ നടത്തിയത്. ട്രാഫിക്ക് ക്രമീകരണം നിലവില്‍ വരുന്നതോടെ നഗരത്തിലെ ഗതാഗതകുരുക്കിനു ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്ക് വടക്ക് ബൈപാസുകള്‍ ഉള്‍കൊള്ളുന്ന ചാവക്കാട് നഗരം ഒന്നേക്കാല്‍ കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഇവിടെ ഗതാഗതം തടസം രൂക്ഷമായ സാഹചര്യത്തിലാണ് ട്രാഫിക്ക് ക്രമീകരണം കൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായത്.
പുതിയ പരിഷ്‌ക്കാരം നിലവില്‍ വന്നാല്‍ പടിഞ്ഞാറു നിന്നും പാലം ഇറങ്ങിവരുന്ന വാഹനങ്ങള്‍ക്ക് ഇടത്തോട്ടു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. ഈ വാഹനങ്ങള്‍ മെയിന്‍ റോഡ് വഴി വടക്കോട്ട് തിരിയണം. ഏനാമാവ് റോഡിലേക്കും, ചേറ്റുവ റോഡിലേക്കും പ്രവേശനം ഉണ്ടാവില്ല. ഈ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വടക്കെ ബൈപാസ് വഴി ചുറ്റി പോവണം. ചേറ്റുവ റോഡില്‍ നിന്നും വരുന്ന ബസുകള്‍ സ്റ്റാന്റില്‍ കയറേണ്ടതില്ല. നേരെ ടൗണിലെത്തി താലൂക്ക് ഓഫീസ് പരിസരത്ത് ആളെയിറക്കി കടന്നുപോകാം. സ്റ്റാന്‍ഡില്‍ നിന്നു വരുന്ന കുന്ദംകുളം, ഗുരുവായൂര്‍, പൊന്നാനി, മുനക്കകടവ് , ചേറ്റുവ ഭാഗത്തേക്കുള്ള ബസുകള്‍ തെക്കെ ബൈപാസ് വഴി തിരിഞ്ഞു സര്‍വീസ് നടത്തണം. ഏനാമാവ് റോഡില്‍ നിന്നും പടിഞ്ഞാറോട്ട് മാത്രമെ പ്രവേശനം അനുവധിക്കൂ. ചാവക്കാട് റൌണ്ടില്‍ ടൂവീലര്‍ ഉള്‍പ്പെടെ എല്ലാവാഹനങ്ങളും ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ നിയന്ത്രണത്തില്‍ വരും.
അനധികൃത പാര്‍ക്കിംങ്ങ്, കച്ചവടം, റോഡ്‌ കൈയ്യേറ്റങ്ങള്‍ എന്നിവ ഒഴിവാക്കും. ഏനാമാവ് റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തി വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റി ഇറക്കുന്നത് മൂലം ഉണ്ടാകുന്ന ട്രാഫിക് തടസ്സം ഒഴിവാക്കുന്നതിനായി സമയ ക്രമീകരണം ഏര്‍പ്പെടുത്തും. വഴിഴോരകച്ചവടക്കാരെ പുനരധിവസിപ്പിക്കും. കാല്‍നട യാത്രക്കാര്‍ക്ക് റോഡു മുറിച്ച് കടക്കാന്‍ സീബ്രലൈന്‍, പാര്‍ക്കിംങ്ങ്, നോപാര്‍ക്കിംങ്ങ് ബോര്‍ഡുകള്‍, ഡിവൈഡറുകള്‍ എന്നിവ സ്ഥാപിക്കും.
പുതുപൊന്നാനി ഭാഗത്ത് നിന്നും എറണാംകുളം ഭാഗത്തേക്കു പോകുന്ന ഹെവി വാഹനങ്ങള്‍ ചാവക്കാട് വരാതെ മണത്തലയില്‍ നിന്നും കടപ്പുറം വഴി തിരിച്ചു വിടുന്നതും ട്രാഫിക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായി പോലീസിന്റെ ആലോചനയിലുണ്ടെന്ന് സി ഐ സുരേഷ് പറഞ്ഞു.
പുതിയ ട്രാഫിക് പരിഷ്കാരം എറണാകുളം, കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിന്നും വരുന്ന ബസ്സ്‌ യാത്രക്കാരെ വലയ്ക്കും. ബസ്സ്‌ സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ താലൂക്ക് ഓഫീസ് പരിസരത്തിറങ്ങി ഏറെ ദൂരം നടക്കേണ്ടി വരും.

Fish ad

Comments are closed.