ഒരുമനയൂര്‍ : ബുധനാഴ്ച പുലര്‍ച്ചെ ഒരുമനയൂരില്‍ രണ്ടിടത്ത് മോഷണശ്രമം നടന്നു. .മുത്തന്‍മാവ് കിണറിന് പടിഞ്ഞാറ് കറുപ്പന്‍വീട്ടില്‍ ഹസ്സന്റെ വീട്ടിലാണ് ആദ്യത്തെ മോഷണശ്രമം നടന്നത്. പുലര്‍ച്ചെ 12.40.ഓടെയായിരുന്നു സംഭവം. ഇരുനില വീടിന്റെ പിന്‍വശത്തെ രണ്ട് വാതിലുകള്‍ പൊളിച്ച് അകത്ത് കയറിയായിരുന്നു മോഷണശ്രമം. മോഷ്ടാവ് വായില്‍ ചെറിയ ടോര്‍ച്ച് വെച്ച് കത്തികാട്ടി ഹസ്സന്റെ ഭാര്യ സക്കീനയെ ഭയപ്പെടുത്തി. സക്കീന മോഷ്ടാവിന്റെ കൈയ്യിലുണ്ടായിരു കത്തി കയറി പിടിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട് മുകള്‍നിലയില്‍ നിന്ന് സക്കീനയുടെ മക്കള്‍ ഇറങ്ങിവപ്പോള്‍ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു.
മുത്തന്‍മാവ് കിഴക്കുവശം പെരിങ്ങാടന്‍ കൊച്ചുണ്ണിയുടെ ഭാര്യ ശാന്തയുടെ വീട്ടിലാണ് രണ്ടാമത്തെ മോഷണശ്രമം നടന്നത്. പുലര്‍ച്ചെ 1.20നായിരുന്നു ഇത്. ഓടുമേഞ്ഞ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ശാന്തയുടെ മകന്റെ കുട്ടിയുടെ കഴുത്തിലെ മുക്കാല്‍ പവന്റെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ശാന്തയുടെ മകന്‍ എഴുന്നേറ്റപ്പോള്‍ മോഷ്ടാവ് ഇറങ്ങിയോടുകയായിരുന്നു. മാലയുടെ ഒരു ചെറിയ ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്. ചാവക്കാട് എസ്.ഐ. എം.കെ.രമേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.