ചാവക്കാട്: സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് ഊന്നല്‍ നല്‍കി ബ്ലോക്ക് പഞ്ചായത്ത് 2017 – 18 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് സുബൈദ വെളുത്തേടത്ത് അവതരിപ്പിച്ചു.
കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, വടക്കേക്കാട്, പുന്നയൂര്‍ക്കുളം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിലെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി കൂടുതല്‍ തുക വകയിരുത്തിയുള്ള ബജറ്റാണ് പ്രസിഡണ്ട് ഉമര്‍ മുക്കണ്ടിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുബൈദ അവതരിപ്പിച്ചത്. 23,99,21,500 രൂപ വരവും 22, 96,29,500 രൂപ ചെലവും 2,92,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
പി.എം.എ. വൈ പദ്ധതിയിൽ ജനറൽ വിഭാഗത്തിന് 149 വീടുകളും എസ്.സി വിഭാഗത്തിന് 92 വീടുകളുമുൾപ്പടെ മൊത്തം 251 വീടുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി കേന്ദ്ര സംസ്ഥാന ജില്ലാ പഞ്ചായത്തും ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും മൊത്തം നൽകുന്ന വിഹിതത്തിനൊപ്പം എസി.സി വിഭാഗത്തിനുള്ള അഡീഷണൽ വിഹിതവുമായി ആറരക്കോടിയാണ് നീക്കി വെക്കുന്നത്. എസ്.സി.പി പദ്ധതി (പട്ടിക ജാതി പ്രത്യേക ഘടക പദ്ധതി) പ്രകാരം വകയിരുത്തിയ 104 കോടി രൂപയില്‍ 29.44 ലക്ഷം പി.എം.എ.വൈ പട്ടിക ജാതി ഗുണഭോക്താക്കൾക്ക് ബ്ലോക്ക് വിഹിതമായും 36.80 ലക്ഷം പി.എം.എ.വൈ പട്ടിക ജാതി ഗുണഭോക്താക്കൾക്ക് തന്നെ അധിക ധനസഹായമായും നീക്കിവെച്ചിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തിനുള്ള മറ്റ് പദ്ധതികൾക്കായി 38.28 ലക്ഷം രൂപ വേറെയും നീക്കിയിരിപ്പുണ്ട്. 2.28 കോടി രൂപ വകയിരുത്തിയ വികസന ഫണ്ട് – ജനറൽ വിഭാഗത്തിൽ നിന്നും 1.14 കോടി രൂപ സമ്പൂർണ്ണ പാർപ്പിടം, വയോജനങ്ങൾ, ശിശുക്കൾ, ഭിന്ന ശേഷിയുള്ളവർ എന്നിവർക്കുള്ള പദ്ധതി, വനിതാവ്യവസായം എന്നിവക്കായി വകയിരുത്തിയത്. വനിതാ വ്യവസായത്തിന് മാത്രമായി 33.32 ലക്ഷം മാറ്റിയിട്ടുണ്ട്.
പട്ടിക ജാതി കോളനികൾ, ഭവനങ്ങൾ എന്നിവിടങ്ങളിലെ പ്രവൃത്തികൾക്ക് മുൻഗണ നൽകി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്കായി ഒമ്പതരക്കോടി രൂപയുടെ നീക്കിയിരിപ്പാണ് പ്രതീക്ഷിക്കുന്നത്. കൂട്ടത്തിൽ കോഴിക്കൂട് നിർമ്മിക്കൽ, അസോള കൃഷി, മറ്റ് കൃഷികൾ, കിണറുകളുടെ നവീകരണം, മഴപ്പൊലിമ, വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കൽ, കിണർ, കക്കൂസ് നിർമ്മാണം എന്നീ മേഖലകളിലും തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും. 1205 കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഇത് വഴി ഉറപ്പാക്കിയിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയില്‍ 9.41 കോടി രൂപയുടെ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനായി പദ്ധതി നടപ്പിലാക്കും. പട്ടികജാതി കോളനികള്‍, ഭവനങ്ങള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന നല്‍കും.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബഡ്ജറ്റ് അവതരണ ചര്‍ച്ചയില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.എ അബൂബക്കര്‍ ഹാജി, സി മുസ്താക്കലി, എ.സഫൂറ അംഗങ്ങളായ എം.വി ഹൈദര്‍ അലി, മൂസ ആലത്തയില്‍, ടി.സി ചന്ദ്രന്‍, നസീമ ഹമീദ്, ഷെമീറ ഖാദര്‍, ഷാജിത ഹംസ, ധന്യ ഗിരീഷ്, ജസീറ, പുന്നയൂർ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് ആര്‍.പി ബഷീര്‍, സെക്രട്ടറി പി.വി ബാലക്യഷ്ണൻ, ജോ.ബി.ഡി.ഒ ടി.കെ സജീവൻ എന്നിവർ പങ്കെടുത്തു.