പഞ്ചാര മുക്ക് പാവറട്ടി റോഡ് പൊളിച്ചിട്ട് രണ്ടുമാസം – യാത്രാ ദുരിതവും പൊടിശല്യവും പൊറുതിമുട്ടി ജനം

ചാവക്കാട് : ദിവസങ്ങൾക്കുള്ളിൽ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം നൽകി പഞ്ചാര മുക്ക് മുതൽ പാവറട്ടി വരെ പൊളിച്ചിട്ട റോഡ് ഇതുവരേയും പുതുക്കി പണിയാത്തത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കി. പൊതുജനം മാസങ്ങളായി അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളുടെ നടപടി പ്രതിഷേധാർഹമാണെന്ന് പൗരാവകാശ വേദി.
വേനൽ കടുത്തതോടെ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് യാത്രക്കാരുടെയും കച്ചവടക്കാരുടെയും റോഡിനിരുവശവുമുള്ള താമസക്കാരുടെയും ജീവിതം ദുസ്സഹമായിരിക്കുകയാണ്.

കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ച റോഡ് ദിവസങ്ങൾക്കുള്ളിൽ പൂർവ സ്ഥിതിയിലാക്കുമെന്ന അധിക്യതരുടെ വാഗ്ദാനം രണ്ട് മാസം കഴിഞ്ഞിട്ടും നടപ്പിലായിട്ടില്ല. റോഡ് പൊട്ടിപൊളിഞ്ഞ് വലിയ കല്ലുകൾ പരന്ന് കിടക്കുന്നതിനാൽ നിരവധി അപകടങ്ങളും ഇവിടെ സംഭവിക്കുന്നു.
സഞ്ചാര സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള നിഷേധവുമാണ് നടക്കുന്നതെന്ന് പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം സെക്രട്ടറി കെ. യു. കാർത്തികേയൻ എന്നിവർ പറഞ്ഞു.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

Comments are closed.