ഗുരുവായൂര്‍ : നഗരസഭയില്‍ വയോജനങ്ങള്‍ക്കുള്ള പരിപാലനപദ്ധതിയായ വയോമിത്രത്തിന്റെ  ഉദ്ഘാടനം കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭാധ്യക്ഷ പ്രൊഫ പി.കെ ശാന്തകുമാരി അധ്യക്ഷയായി. നഗരസഭയുടെ പൂക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് വയോമിത്രം ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. വാര്‍ദ്ധക്യകാലം സുരക്ഷിതവും സന്തോഷവുമാക്കി വയോജനങ്ങളെ കരുതലോടെ സംരക്ഷിക്കുതിനായി സാമൂഹ്യ സുരക്ഷാമിഷന്‍ ആവിഷ്‌ക്കരിച്ച പദ്ധതി വയോജനങ്ങള്‍ക്ക് മികച്ച പരിരക്ഷ ഉറപ്പുവരുത്തുതാണെന്ന് എം.എല്‍.എ പറഞ്ഞു. മെഡിക്കല്‍ ഓഫീസറും, സ്റ്റാഫ് നേഴ്‌സ്, ജെ.പി.എച്ച്.എന്‍ എന്നിവരടങ്ങു മെഡിക്കല്‍ സംഘം വയോജനങ്ങളെ പരിശോധിക്കുകയും സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്യും. മുതിര്‍ന്ന പൗരന്മാരുടെ മാനസിക ഉല്ലാസത്തിനായി വിനോദപരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, സുരക്ഷാമിഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.പി മുഹമ്മദ് ഫൈസല്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യര്‍, നിര്‍മ്മല കേരളന്‍, എം രതി, കൌണ്‍സിലര്‍ സുനിത അരവിന്ദന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണന്‍, ഡോ ഉഷ മോഹനന്‍, ആര്‍.വി അലി എന്നിവര്‍ സംസാരിച്ചു.