Header

ദേശീയപാതയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു

അണ്ടത്തോട്: ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ അപകടം ഉണ്ടാകുന്ന ജില്ലാ അതിര്‍ത്തിയായ തങ്ങള്‍പടി സെന്റര്‍ മുതൽ കുമാരന്‍പടി വരെ അണ്ടത്തോട് മുസ്തഫ സ്മാരക സ്വതന്ത്ര ഡ്രൈവേഴ്സ് സമിതിയുടെ നേതൃത്വത്തില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കലും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ഈ മേഖലയിൽ ഒരു മാസത്തിനിടെ ഉണ്ടായ പത്തോളം അപകടങ്ങളില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ച് നാടിനു മാതൃകയായി ഡ്രൈവേഴ്സ് സമിതി രംഗത്തെത്തിയത്. തങ്ങള്‍പടി സെന്ററില്‍ നടന്ന ബോര്‍ഡ് സ്ഥാപിക്കല്‍ ചടങ്ങും ബോധവല്‍ക്കരണവും വടക്കേക്കാട് പോലീസ് സബ് ഇന്‍സ്പക്ടര്‍ പി കെ മോഹിത് ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ അമിത വേഗതയിലുളള അശ്രദ്ധമായ ഡ്രൈവിങ്ങാണ് കൂടുതൽ അപകടമരണങ്ങള്‍ ഉണ്ടാക്കുന്നതെന്നും പ്രായപൂർത്തിയാകാത്തവര്‍ക്ക് ഒരു കാരണവശാലും വാഹനങ്ങള്‍ ഓടിക്കാന്‍ രക്ഷിതാക്കള്‍ പ്രോത്സാഹനം നല്‍കരുതെന്നും എസ്‌ ഐ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. അഡീഷണല്‍ എസ്‌ ഐ ജോണ്‍, വാര്‍ഡ് മെമ്പര്‍ കെ എച്ച് ആബിദ്, മുസ്തഫ സ്മാരക സതന്ത്ര ഡ്രൈവേഴ്സ് സമിതി സെക്രട്ടറി റൗഫ് മാലിക്കുളം, പ്രസിഡന്‍റ് കെ കെ താഹിര്‍, കെ കെ ബാബുരാജ്, സജി തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.