പുന്നയൂര്‍: ചുരുങ്ങിയ കാലം കൊണ്ട് സന്ദര്‍ശകരുടെ ഇഷ്ട സ്ഥലമായി മാറിയ പെരിയമ്പലം ബീച്ച് മാലിന്യകൂമ്പാരമായി മാറുന്നു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിന്റെ ബാക്കിയാണ് മാലിന്യകൂമ്പാരങ്ങള്‍.
ഒരാഴ്ചയോളം നീണ്ടു നിന്ന ഫെസ്റ്റിന് കച്ചവടക്കാരും ജനങ്ങളും ഉപേക്ഷിച്ച മാലിന്യങ്ങളാണ് ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങളായിട്ടും നീക്കം ചെയ്യാതെ സന്ദര്‍ശകര്‍ക്ക് ബുദ്ധിമുട്ടായ രീതിയില്‍ കിടക്കുന്നത്. പലയിടങ്ങളിലും ഓല കൊണ്ടുള്ള കുട്ട സ്ഥാപിച്ചെങ്കിലും അതും നിറഞ്ഞ നിലയില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്. നൂറോളം വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികളൊന്നും ആഘോഷ കമ്മിറ്റി കൈക്കൊണ്ടില്ല. ജ്യൂസ് സ്റ്റാളുകളിലെ വേസ്റ്റുകള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് അവ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഐസ്‌ക്രീം വില്‍പനക്കാരില്‍ നിന്നുള്ള പ്ലാസ്റ്റിക് കവറുകളും മറ്റു കച്ചവടക്കാര്‍ ഉപേക്ഷിച്ച മാലിന്യങ്ങളും ബീച്ചില്‍ പരന്നു കിടക്കുകയാണ്. പല കച്ചവടക്കാരും കടലിലേക്ക് വെള്ളം പോകുന്ന അറപ്പ തോടുകളില്‍ മാലിന്യങ്ങള്‍ കൊണ്ടിട്ടിരിക്കുന്നതിനാല്‍ തോടുകളും മലിനമായിരിക്കുന്നു.
ഉയര്‍ന്ന വിലക്കു സ്റ്റാളുകള്‍ ലേലം ചെയ്തിട്ടും മാലിന്യങ്ങള്‍ ശേഖരിക്കാനോ സംസ്‌കരിക്കാനോ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തതാണ് ഇതിനു കാരണമെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു