ഉറവിട മാലിന്യ സംസ്‌കരണം : ഗുരുവായൂര്‍ നഗരസഭ ഫ്ലാറ്റുകളില്‍ മണ്‍പാത്ര കമ്പോസ്റ്റ് പദ്ധതി നടപ്പാക്കുന്നു
ഗുരുവായൂര്‍: ഉറവിട മാലിന്യ സംസ്‌കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി നഗരസഭ ഫ്‌ളാറ്റുകളിലെല്ലാം മണ്‍പാത്ര കമ്പോസ്റ്റ് പദ്ധതി (പോട്ട് കമ്പോസ്റ്റ്) നടപ്പാക്കുമെന്ന് നഗരസഭാധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 750 രൂപ വിലവരുന്ന മണ്‍പാത്ര യൂനിറ്റാണ് ഇതിനായി ഫ്‌ളാറ്റുകള്‍ക്ക് നഗരസഭ നല്‍കുക. അഞ്ച് പേരുള്ള ഒരു കുടുംബത്തിന് ആവശ്യമായ വലിപ്പമുള്ള യൂനിറ്റാണ് നല്‍കുന്നത്. നഗരസഭയിലെ തിരുവെങ്കിടം മേഖലയില്‍ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. മൂന്ന് പാത്രങ്ങളടങ്ങിയ യൂനിറ്റും മാലിന്യം വളമായി മാറാനാവശ്യമായ ബാക്ടീരിയകള്‍ക്ക് വേണ്ട ദ്രാവകവും ഇത് തെളിക്കാനുള്ള സ്‌പ്രേയറും അടക്കം 750 രൂപ നിരക്കിലാണ് ഫ്‌ളാറ്റുകള്‍ക്ക് നല്‍കുന്നത്. രണ്ടാം ഘട്ടമായി കോളനികള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായും നഗരസഭ അധ്യക്ഷ പ്രൊഫ. പി.കെ ശാന്തകുമാരി പറഞ്ഞു. ഉപാധ്യക്ഷന്‍ കെ.പി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാരിയര്‍, നിര്‍മല കേരളന്‍, എം.രതി, സെക്രട്ടറി രഘുരാമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments are closed.