ഒരു ചേഞ്ച് ആരാണ് ആഗ്രഹിക്കാത്തത് – അറബിക് ഗാനത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് റൈഹാന മുത്തു

ചാവക്കാട് : ജനുവരി നാലുമുതൽ എട്ടു വരെ കൊല്ലത്ത് നടക്കുന്ന 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബി ഗാനത്തിൽ എ ഗ്രേഡ് നേടി റൈഹാന മുത്തു. ഒരുമനയൂർ ഇസ്ലാമിക് ഹയർസെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന സംസ്ഥാന കലോത്സവത്തിൽ ലളിതഗാനത്തിൽ എ ഗ്രേഡ് നേടിയ റൈഹാന ഇത്തവണ അറബിഗാനമാണ് മത്സരത്തിനു തിരഞ്ഞെടുത്തത്. ഹനീഫ മുടിക്കോട് സംഗീതം നൽകിയ എം എസ് വള്ളുവനാട് രചിച്ച ഹാദി മുസ്തഫ എന്ന് തുടങ്ങുന്ന അറബി ഗാനം പാടിയാണ് തുടർച്ചയായി രണ്ടാം തവണയും റൈഹാന വിജയിയാകുന്നത്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി റൈഹാനയെ പ്രത്യേകം അഭിനന്ദിച്ചു. റൈഹാനയുടെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ശിവൻകുട്ടി ആഴ്ചകൾക്ക് മുൻപ് റൈഹാനയുടെ ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

കൈരളി ടി വി യുടെ റിയാലിറ്റി ഷോ പട്ടുറുമാൽ സീസൺ 2011 ലെ വിന്നറാണ് പിതാവ് മുത്തു പട്ടുറുമാൽ എന്നറിയപ്പെടുന്ന ചേറ്റുവ മൂന്നാം കല്ല് സ്വദേശി ആലംപീടികയിൽ അബ്ദുൽ മുത്തു. മാതാവ് സാജിറ.
അഞ്ചു വയസ്സുമുതൽ പിതാവിന്റെ പാട്ടുകൾ മൂളി സംഗീതത്തിന്റെ വഴിയിൽ സഞ്ചരിച്ചു തുടങ്ങിയ റൈഹാന പ്രമുഖ ബാൻഡുകൾക്ക് വേണ്ടി പൊതുവേദികളിൽ പാടാറുണ്ട്. KL 75 മ്യൂസിക് ബാൻഡിന്റെ പ്രധാന ഗായികമാരിൽ ഒരാളാണ് പതിനേഴുകാരിയായ റൈഹാന. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഇതിനോടകം ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് ഈ കൊച്ചു ഗായികക്ക്.

Comments are closed.