ഗുരുവായൂര്‍ : ഞായറാഴ്ച വിവാഹിതയാകേണ്ടിയിരുന്ന ബിരുദ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കീഴ്ശാന്തി പെരുമ്പിലാവ് റോഡില്‍ മേച്ചേരിമനയില്‍ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ ശ്രീകലയാണ് (19)മരിച്ചത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള പിതൃസഹോദരന്‍ കേശവന്‍ നമ്പൂതിരിയുടെ വീട്ടില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. കേശവന്‍ നമ്പൂതിരിയും കുടുംബവും ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ വീട് പൂട്ടി കിടക്കുകയായിരുന്നു.
നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് വൈകീട്ട് ശ്രീകല വീട് തുറന്ന് അകത്ത് കടന്നു പൂട്ടുകയായിരുന്നു. വീടിനകത്ത് നിന്ന് പുക ഉയരുന്നത് കണ്ടെത്തിയവര്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കടന്നപ്പോഴാണ് അടുക്കളയില്‍ മൃതദേഹം കണ്ടെത്തിയത്. എ.സി.പി പി.എ ശിവദാസന്‍, ടെമ്പിള്‍ സി.ഐ എന്‍.രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിദഗ്ധന്‍ ഉണ്ണികൃഷ്ണന്‍ പരിശോദന നടത്തി. മണ്ണെണ്ണ ഒഴിച്ച് തീ കൊടുത്തതെന്നാണ് പ്രാഥമിക നിഗമനം.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ അവസാന വര്‍ഷ ബിരുധ വിദ്യാര്‍ത്ഥിനിയാണ് ശ്രീകല. സംസകാരം ഇന്ന് നടക്കും. മാതാവ് : രമ അന്തര്‍ജനം. സഹോദരന്‍ : ശ്രീകാന്ത്.