mehandi banner desktop
Chavakkad online

യുദ്ധം നിറം കെടുത്തിയ ലോകകപ്പ്; പ്രതിസന്ധികൾക്കിടയിലും പന്തുരുളാൻ കാത്തിരിപ്പ്

Ft

ചാവക്കാട് : ചാവക്കാട് : യുദ്ധങ്ങളുടെ നടുക്കുന്ന ശബ്ദങ്ങളും ജീവിതത്തിന്റെ സാമ്പത്തിക പിരിമുറുക്കങ്ങളും ചേർന്ന് ആഘോഷങ്ങളുടെ നിറം കെടുത്തുമ്പോഴും, ലോകം വീണ്ടുമൊരു കാൽപന്ത് ഉത്സവത്തിലേക്ക് കണ്ണുതുറക്കുന്നു. ലോകകപ്പ് ഫുട്ബോളിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഒരു വിസിലടിയുടെ ദൂരത്തിൽ മനുഷ്യരെ വീണ്ടും ഒരുമിപ്പിക്കാൻ ഫുട്ബോൾ മാന്ത്രികത ഒരുങ്ങുകയാണ്. എന്നാൽ, ലോക തുകൽ പന്ത് കളി ആവേശത്തിര ഉയർത്തിയിരുന്ന തീരദേശത്ത് ലോക കപ്പിന് 21 ദിവസം മാത്രം ബാക്കി നിൽക്കെ ഇതുവരെയും കാര്യമായ ആരവങ്ങൾ ഉയർന്നില്ല. തിരഞ്ഞെടുപ്പ് ബഹളം, സ്കൂൾ തുറക്കൽ എന്നീ പ്രാദേശിക വിഷയങ്ങളും ഒരു കാരണമാകാം.

Jan oushadi

ഒരു കാലത്ത് കേരളത്തിന്റെ നാട്ടുവഴികളിൽ നിറഞ്ഞുനിന്നിരുന്ന ആ പഴയ ആവേശക്കടലോ രാത്രിയോളം നീണ്ട ചൂടുപിടിച്ച ചർച്ചകളോ വലിയ കൊടികളും ഫ്ലക്സുകളും ഇത്തവണ അത്ര ശക്തമായി ദൃശ്യമാകുന്നില്ല

മുൻകാലങ്ങളിൽ ലോകകപ്പ് എന്നത് കേവലം ഒരു കായിക മാമാങ്കം മാത്രമല്ല, നാട്ടിൻപുറങ്ങളിൽ അതൊരു ഉത്സവകാലം കൂടിയായിരുന്നു. വീടുകൾ പോലും ബ്രസീൽ, അർജന്റീന ആരാധകരായി രണ്ടായി പിരിഞ്ഞ് ഓരോ മത്സരവും നെഞ്ചേറ്റി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

എന്നാൽ ഇന്ന് ലോകത്തിന്റെ അന്തരീക്ഷം ഏറെ മാറിയിരിക്കുന്നു. റഷ്യ-ഉക്രൈൻ യുദ്ധം, ഇറാൻ – ഇസ്രായേൽ – അമേരിക്ക യുദ്ധം, പശ്ചിമേഷ്യയിൽ തുടരുന്ന സമാധാനമില്ലാത്ത ആക്രമണങ്ങളും മനുഷ്യ ദുരിതങ്ങളും ആയാലും ലോകമനസ്സാക്ഷിയെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. നിത്യേനയെന്നോണം കേൾക്കുന്ന മരണവാർത്തകൾക്കിടയിൽ ആഘോഷങ്ങളുടെ ശബ്ദം സ്വാഭാവികമായും കുറയുന്നു. ഇതിനൊപ്പം സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതത്തിന്റെ നെട്ടോട്ടങ്ങളും ആളുകളെ പഴയതുപോലെ ആഘോഷങ്ങളിൽ മുഴുകാൻ അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. ഒരുകാലത്ത് നാട്ടുകവലകളിൽ വലിയ സ്ക്രീനുകൾക്ക് മുന്നിൽ കൂട്ടമായി കളി കണ്ടിരുന്നവർ ഇന്ന് സ്വന്തം മൊബൈൽ സ്ക്രീനുകളിലേക്ക് ഒതുങ്ങിപ്പോയിരിക്കുന്നു.

പുതിയ തലമുറയിൽ ഫുട്ബോളിനോടുള്ള സമീപനത്തിൽ വന്ന മാറ്റവും ഈ നിശ്ശബ്ദതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പെലെ, മറഡോണ, സിദാൻ, റൊണാൾഡോ നസാരിയോ, റൊണാൾഡീഞ്ഞോ, റോബർട്ടോ ബാജിയോ, ഫ്രാൻസ് ബെക്കൻബൗവർ, യോഹാൻ ക്രൂയിഫ് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ കളികളും ചരിത്രവും ഒരു വികാരമായി പഠിച്ചു വളർന്നവരായിരുന്നു മുൻതലമുറ.

എന്നാൽ ഇന്നത്തെ പുതിയ തലമുറയിൽ പലർക്കും ഫുട്ബോൾ എന്നത് ഒരു ‘റീൽസ് സംസ്കാരത്തിന്റെ’ ഭാഗം മാത്രമായി മാറുകയാണ്. പഴയ മത്സരങ്ങളുടെ സൗന്ദര്യമോ ചരിത്രമോ ആഴത്തിൽ മനസ്സിലാക്കുന്നതിനേക്കാൾ, ചെറിയ സോഷ്യൽ മീഡിയ വീഡിയോകളിലും ട്രോളുകളിലും ഫാൻ ഫൈറ്റുകളിലുമാണ് പലരുടെയും ശ്രദ്ധ. ഇത് ഫുട്ബോളിന്റെ യഥാർത്ഥ ആഴവും ആത്മാവും പലർക്കും നഷ്ടപ്പെടുത്തുന്നുണ്ട്.

എങ്കിലും കാൽപന്ത് കളിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. ലോകകപ്പിന്റെ ആദ്യ വിസിൽ മുഴങ്ങുമ്പോൾ ഇപ്പോൾ കാണുന്ന ഈ താൽക്കാലിക നിശ്ശബ്ദതയ്ക്ക് വിരാമമാകും. മൈതാനത്ത് പിറക്കുന്ന ഒരു മാന്ത്രിക ഗോൾ, അല്ലെങ്കിൽ ഒരു അത്ഭുത നിമിഷം മതിയാകും മനുഷ്യരെ വീണ്ടും ആവേശത്തിന്റെ ഒരേ നൂലിൽ കോർത്തെടുക്കാൻ.

കാരണം ലോകകപ്പ് എന്നത് വെറുമൊരു കളിയല്ല; അത് തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഓർമ്മകളുടെയും വികാരങ്ങളുടെയും ഒരു മഹോത്സവമാണ്. ആ വിസിലടിക്കായി കാത്തിരിക്കുകയാണ് കായിക കേരളം.

ജൂൺ 11 മുതൽ ജൂലൈ 19 വരെ വടക്കേ അമേരിക്കയിലെ കാനഡ, മെക്സിക്കോ, യു എസ് എന്നീ രാജ്യങ്ങളിലായാണ് വേൾഡ് കപ്പ് 2026 നടക്കുന്നത്.

✍️ ഹാരിസ് ചമയം, ചാവക്കാട് കടപ്പുറം.

Comments are closed.