mehandi new

അതിജീവനത്തിന്‍റെ പെണ്‍കരുത്ത് – ഒരു കുടുംബത്തിലെ നാല് ഓട്ടോ ഡ്രൈവേഴ്സ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: തരകന് മക്കള്‍ അഞ്ചും പെണ്ണ്, നാല് പേര്‍ ആട്ടോ ഡ്രൈവേഴ്സ്. തിരുവത്ര പുത്തന്‍കടപ്പുറം അരയച്ചന്‍ വിശ്വനാഥന്‍റെ രണ്ടാമത്തെ പുത്രി റീനയാണ് ചാവക്കാട് മേഖലയിലെ ആദ്യ വനിതാ ആട്ടോ ഡ്രൈവര്‍. കുടുംബത്തിലെ പ്രത്യേക സാഹചര്യത്തിലാണ് റീന 2008 ല്‍ കാക്കി കുപ്പായമണിയുന്നത്. തുടര്‍ന്ന് വന്ന മൂന്നു വനിതാ ആട്ടോ ഡ്രൈവേഴ്സും പുത്തന്‍ കടപ്പുറത്തെ തരകനായിരുന്ന വിശ്വനാഥന്‍റെ മക്കള്‍ തന്നെ. ഒന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും റീനയെ പിന്തുടര്‍ന്ന് മറ്റൊരു വനിതാ ആട്ടോ ഡ്രൈവര്‍ ചാവക്കാട് മേഖലയില്‍ തരകന്‍റെ വീട്ടില്‍ നിന്നല്ലാതെ ഉണ്ടായിട്ടില്ല. കടപ്പുറത്ത് മീന്‍ ലേലം വിളിക്കുന്ന പണിയാണ് റീനയുടെ അച്ഛന്. അതിനുള്ള സ്ഥാനപ്പേരാണ് തരകന്‍. ഒന്നര വര്‍ഷം മുന്പ് അമ്പത്തിയൊമ്പതാം വയസ്സില്‍ തരകന്‍ നിര്യാതനായി. പുത്തന്‍ കടപ്പുറത്ത് കടലിനോടു ചേര്‍ന്ന് ചെറിയ ഒരു ഓടുമേഞ്ഞ വീട്ടിലാണ് റീനയും കുടുംബവും താമസിക്കുന്നത്. ഒന്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആ സംഭവം. അന്നൊരു തണുത്ത രാത്രി വിശ്വനാഥനു ശ്വാസംമുട്ട് കലശലായി. പെണ്‍കുട്ടികള്‍ അഞ്ചുപേരും ഭാര്യ വസന്തയും നാടാകെ പാതിരാത്രിയില്‍ ഓടി നടന്നിട്ടും വിശ്വനാഥനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരു വാഹനവും കിട്ടിയില്ല. രാത്രി പാതിയും കഴിഞ്ഞ് ഒരുമണിക്ക് ശേഷമാണ് റീനക്ക് അച്ഛനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഒരാണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍… എന്ന പാതി മുറിഞ്ഞുപോയ വാക്കിന്‍റെ അര്‍ത്ഥപൂര്‍ണ്ണമായ ധ്വനി.. ആശുപത്രി വരാന്തയിലെ കുശുകുശുപ്പില്‍ വ്യക്തമായി കേള്‍ക്കുന്നുണ്ടായിരുന്നു. അടുത്ത ദിവസം തന്നെ റീന ഡ്രൈവിംഗ് പഠിക്കാന്‍ ചേര്‍ന്നു. മാസങ്ങള്‍ക്കകം ലൈസന്‍സും ഓട്ടോറിക്ഷയും വാങ്ങി നാട്ടുകാരെ വിസ്മയിപ്പിച്ച് മുച്ചക്ക്ര ശകടത്തിന്‍റെ സാരഥിയായി കാക്കി മേലങ്കിയണിഞ്ഞ് റീന ഓട്ടോ പാര്‍ക്കിലെത്തി. ആണുങ്ങള്‍ സ്വന്തമാക്കിവെച്ചിരുന്ന സ്ഥാനത്ത് പെണ്‍കരുത്ത് കാട്ടി കുണ്ടും കുഴികളും നിറഞ്ഞ വഴികളിലൂടെ റീന ഓട്ടം തുടങ്ങി. അധികം താമസിയാതെ റീനക്കൊപ്പം കുഞ്ഞനജത്തി ഷിനിയും കാക്കിയുടുപ്പിട്ട് ഓട്ടോറിക്ഷാ പാര്‍ക്കിലെത്തി. കുടുംബങ്ങള്‍ യാത്ര ചെയ്യാന്‍ പെണ്‍ ഓട്ടോ തിരഞ്ഞെടുത്തു. പിന്നീട് ഇവരെ പിന്തുടര്‍ന്ന് വിശ്വനാഥന്‍റെ മൂത്ത മകള്‍ ബിന്ദുവും നാലാമത്തെ മകള്‍ ബീനയും ഓട്ടോ ഡ്രൈവേഴ്സ് ആയി. ഒരു വര്‍ഷത്തോളം ഇവര്‍ റീനക്കും ഷിനിക്കുമൊപ്പം കൂടി. വിവാഹത്തെ തുടര്‍ന്ന് ഇരുവരും ഭര്‍തൃ വീടുകളിലേക്ക് പോയി. റീനയും, ഷിനിയും എട്ടു വര്‍ഷത്തില്‍ അധികമായി വളവും തിരിവും കുണ്ടും കുഴിയും വിദഗ്ധമായി കൈകാര്യം ചെയ്തു ഓട്ടോറിക്ഷയുമായി ജീവിതം മുന്നോട് കൊണ്ടുപോകുന്നു. കുടുംബക്കാരും നാട്ടുകാരും പൂര്‍ണ്ണ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്. ഇന്ന് വരെ ഒരാളില്‍ നിന്നും ഒരു മോശം കമന്റും നേരിടേണ്ടിവന്നിട്ടില്ലെന്ന് ഷിനി പറയുന്നു. കേടുപാടുകള്‍ പറ്റിയോ, ടയര്‍ പഞ്ചറായോ വണ്ടി വഴിയരികില്‍ നിറുത്തേണ്ടിവന്നാല്‍ സഹായ ഹസ്തവുമായി ഓട്ടോഡ്രൈവര്‍മാരായ സഹോദരങ്ങള്‍ ഓടിയെത്താറുണ്ടെന്നും ഷിനി പറഞ്ഞു. രാവിലെ ഒന്‍പതു മണിക്ക് ഓട്ടോയുമായി പാര്‍ക്കിലെത്തുന്ന ഇവര്‍ അഞ്ചുമണിയോടെ തിരിച്ച് വണ്ടി വീട്ടില്‍ കയറ്റിയിടും. നോട്ടു നിരോധനത്തെ തുടര്‍ന്ന് ഇപ്പോള്‍ ഓട്ടം കുറഞ്ഞിട്ടുണ്ടെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ മുന്നോട്ടു തന്നെയാണെന്ന് ഇരുവരും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ സാധാരണ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളൊന്നും ഇല്ലാത്ത സുരക്ഷിതമായ ഈ മേഖലയിലേക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്ന വനിതകള്‍ കടന്നു വരണമെന്നാണ് ഇവര്‍ രണ്ടു പേര്‍ക്കും പറയാനുള്ളത്. സ്ത്രീ ശാക്തീകരണത്തിന്റെയും, മറ്റും സ്ത്രീ സൌഹൃദ സംരംഭങ്ങളുടെയും പേരില്‍ സഹായങ്ങള്‍ പലതും സര്‍ക്കാര്‍ തലത്തില്‍ നാട്ടില്‍ നടക്കുന്നുണ്ടെങ്കിലും അരയ കുടുംബത്തിലെ ഈ പെണ്‍കുട്ടികള്‍ക്ക് അതിനെകുറിച്ചൊന്നും കേട്ടറിവ് പോലുമില്ല. റീന ഓട്ടോയുമായി പാര്‍ക്കിലേക്ക് പോയപ്പോള്‍ ടെസ്റ്റിന്‍റെ ഭാഗമായി വര്‍ക്ക്ഷോപ്പിലുള്ള തന്റെ വണ്ടിയുടെ പണിയെടുപ്പിക്കാന്‍ ഷിനി വര്‍ക്ക്ഷോപ്പിലേക്കും ഇറങ്ങി. അച്ഛന്റെ വിയോഗത്തിനു ശേഷം തീര്‍ത്തും അനാഥരായ മുപ്പത്തിരണ്ട് കാരിയായ റീനയും, ഇരുപത്തിയെട്ടുകാരിയായ ഷിനിയും അവിവാഹിതരാണ്.

ലോക വനിതാ ദിനത്തില്‍ റീനക്കും ഷിനിക്കും ചാവക്കാട്ഓണ്‍ലൈന്‍റെ ബിഗ്‌ സല്യൂട്ട്

ഫോട്ടോ : റീനയും ഷിനിയും ചാവക്കാട്ഓണ്‍ലൈനു വേണ്ടി പോസ് ചെയ്യുന്നു 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.