പുന്നയൂര്‍ക്കുളം: കുഴിങ്ങരയില്‍ പട്ടികജാതി കുടുംബത്തിലെ നാലര വയസുകാരിയെ പീഡിപ്പിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന് സംരക്ഷണം നല്‍കിയ യുവ മോര്‍ച്ച മുന്‍ നേതാവും അറസ്റ്റില്‍.
കുന്നംകുളം ആനായിക്കല്‍ കൊട്ടരപ്പാട്ട് വീട്ടില്‍ സജീഷിനെയാണ് (32) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പുന്നയൂര്‍ എടക്കര കുഴിങ്ങര രവി നഗര്‍ സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ കൈതവായില്‍ ജിതിന്‍ മോഹനനെ (25) വെള്ളിയാഴ്ച്ച വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലര വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ജിതിന്‍ മോഹനനെതിരയുള്ള കേസ്. ഒളിവില്‍ പോയ ഇയാള്‍ക്ക് ഒളിച്ചു താമസിക്കാന്‍ ഇടം നല്‍കിയതിന്‍്റെ പേരില്‍ സജീഷിനെയും കസ്റ്റഡിയിലെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളേയും റിമാന്‍്റ് ചെയ്തു. ആറ് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനു ശേഷം പെണ്‍കുട്ടി പറഞ്ഞാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. സംഭവം പുറത്തറിയിക്കരുതെന്ന് പ്രതി വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. വൈദ്യ പരിശേധനയുള്‍പ്പടെ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം ചാവക്കാട് സി.ഐ ജോണ്‍സണിന്‍്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതിയെ കുന്നംകുളത്ത് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടാന്‍ ചെന്നപ്പോള്‍ സജീഷ് പൊലീസിനെ എതിര്‍ത്തിരുന്നു. സി.പി.എം പ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പടെ 9 ഓളം കേസിലെ പ്രതിയായ ഇയാള്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്‍പ്പെട്ടയാളുമാണ്. നഗരസഭാ യുവമോര്‍ച്ച മുന്‍ സെക്രട്ടറിയായിരുന്നു. അതേ സമയം നാലര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍്റിലായ ജിതിന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാത്രമാണെന്നും ആര്‍.എസ്.എസ് നേതാവും കുഴിങ്ങര ശാഖാ ദണ്ഡനായകുമാണെന്ന വാര്‍ത്ത വാസ്തവ വിരുദ്ധവുമാണെന്ന് നേതാക്കളറിയിച്ചു.