ചാവക്കാട്: ബസ്‌സ്റ്റാന്‍ഡില്‍  ബസിനടിയില്‍പെട്ട സ്ത്രീയുടെ  വലതുകൈ ചതഞ്ഞരഞ്ഞു. വ്യാഴാഴ്ച 11 മണിക്കാണ്  ചാവക്കാട് ബസ്‌സ്റ്റാന്‍ഡില്‍ അപകടമുണ്ടായത്. പറപ്പൂര്‍  വെണ്ണംകോട്ട് പരേതനായ അയ്യപ്പന്റെ മകള്‍ റിട്ട.ആരോഗ്യവകുപ്പ് ജീവനക്കാരിയായ ശാന്തകുമാരി(65)ക്കാണ് പരിക്കേറ്റത്. തൃശ്ശൂര്‍ ഗുരുവായൂര്‍ ചാവക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ എന്ന ബസാണ് അപകടം വരുത്തിയത്. സ്റ്റാന്‍ഡില്‍ നിറുത്തിയിട്ടിരുന്ന ബസ് മുന്നോട്ടെടുക്കുമ്പോള്‍ ബസിന് മുന്നിലൂടെ നടന്നു പോകുകയായിരുന്ന ശാന്തകുമാരിയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. വണ്ടി തട്ടി താഴെ വീണ ശാന്തകുമാരിയുടെ വലതു കൈക്ക് മുകളിലൂടെ ബസിന്റെ മുന്‍ ചക്രം കയറിയിറങ്ങി. സ്റ്റാന്‍ഡില്‍ ഉണ്ടായിരുവര്‍ ബഹളം ഉണ്ടാക്കി ബസ് നിര്‍ത്തിക്കുകയായിരുന്നു.  ഇവരുടെ അരക്കെട്ടിനും സാരമായ പരിക്കേറ്റിട്ടുണ്ട്. സ്റ്റാന്‍ഡില്‍ തന്നെ പാര്‍ക്ക് ചെയ്തിരുന്ന ടാക്‌സി യൂണിയന്റെ ആംബുലന്‍സ് സര്‍വീസ് രക്ഷാപ്രവര്‍ത്തനം നടത്തി.  മുതുവട്ടൂരിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂകള്‍ക്ക് ശേഷം വിദഗ്ദ്ധ ചികിത്സക്കായി  ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റി. എല്ലാ ആഴ്ചകളിലും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി വരുന്ന ശാന്തകുമാരി വ്യാഴാഴ്ചയും ദര്‍ശനത്തിനെത്തിയതായിരുന്നു. ഒപ്പം ജോലിചെയ്തിരുന്ന ആരെയോ കാണാനാണ് ചാവക്കാട് ബസ്‌സ്റ്റാന്‍ഡില്‍ ഇറങ്ങിയത്.