ഗുരുവായൂര്‍ :  ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് ആചാരപ്പെരുമയോടെ  ആനയില്ലാ ശീവേലി നടന്നു.  നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉത്സവാരംഭ ദിവസം ആനയെ ലഭിക്കാതിരുന്നതിനെ തുടര്‍ന്നു ആനയില്ലാതെ നടത്തിയ ശീവേലി ചടങ്ങിന്റെ സ്മരണ ഉണര്‍ത്തിയാണ് ക്ഷേത്രത്തില്‍ 52 ആനകള്‍ സ്വന്തമായി ഉണ്ടായിട്ടും ഇന്നും  ഉത്സവത്തിന്റെ തുടക്കദിവസം രാവിലേയുള്ള ശീവേലി ചടങ്ങ് ആനയില്ലാതെ നടത്തുന്നത്. കഴകക്കാരായ വരിയര്‍ കുടുംബത്തിലെ അംഗങ്ങള്‍ വെള്ളികുത്തുവിളക്കുകളില്‍ ദീപം തെളിയിച്ച് ശീവേലിക്ക് അണിനിരന്നു. ശാന്തിയേറ്റ കീഴ്ശാന്തി കീഴേടംരാമന്‍ നമ്പൂതൂതിരി ശ്രീഗുരുവായൂരപ്പന്റെ ചൈതന്യപൂര്‍ണ്ണമായ തങ്കതിടമ്പ് കരങ്ങളിലേറ്റി മാറോട് ചേര്‍ത്ത് പിടിച്ച് ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം വലംവെച്ച് ചടങ്ങ്  പൂര്‍ത്തീകരിച്ചു. നാമജവും, വാദ്യവും ആനയില്ലാ ശീവേലിക്ക് അകമ്പടിയായി. വര്‍ഷത്തിലൊരുതവണ മാത്രം നടത്തുന്ന ആനയില്ലാ ശീവേലി ദര്‍ശിക്കാന്‍ നൂറുകണക്കിന് ഭക്തര്‍ എത്തിയിരുന്നു.  ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പേ ക്ഷേത്രപരിസരത്തു നിന്നും  ആനകളെ മാറ്റി നിര്‍ത്തിയിരുന്നു. കൊടിയേറ്റ ദിവസം ആനയോട്ടസമയത്തു മാത്രമേ ആനകളെ ക്ഷേത്ര പരിസരത്തേക്ക്  കൊണ്ടു വരൂ. ഐതിഹ്യത്തെ അന്വര്‍ഥമാക്കി വര്‍ഷത്തില്‍ ഈയൊരു ദിവസം മാത്രമാണ് ഗുരുവായൂരില്‍ ആനയില്ലാതെ ശീവേലി നടക്കുന്നത്.